ന്യൂഡൽഹി
കോവിഡ് പ്രതിരോധത്തിലെ പാളിച്ച, കർഷകസമരം, ഇന്ധനവിലക്കയറ്റം, അതിർത്തിപ്രശ്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ നിൽക്കെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്താനാവശ്യപ്പെട്ട് കർഷകസംഘടനകൾ എംപിമാർക്ക് വോട്ടേഴ്സ് വിപ്പ് കൈമാറിയിട്ടുണ്ട്. കോവിഡ് അടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനെ കടന്നാക്രമിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. കേരളമടക്കമുള്ള സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തിരിച്ചടി പ്രതിപക്ഷത്തിന് ആവേശം പകർന്നിട്ടുമുണ്ട്.
സമ്മേളനത്തിന് മുന്നോടിയായി സർക്കാർ ഞായറാഴ്ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.ലോക്സഭ സ്പീക്കർ ഓംബിർള അധ്യക്ഷനായി കക്ഷിനേതാക്കളുടെ യോഗവും നടക്കും. രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു ശനിയാഴ്ച വിളിച്ചുചേർത്ത യോഗത്തിൽ സിപിഐ എം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, മുൻ പ്രതിരോധ മന്ത്രിമാരായ ശരത് പവാറുമായും എ കെ ആന്റണിയുമായും ഇന്ത്യ–- ചൈന അതിർത്തിവിഷയങ്ങൾ ചർച്ചചെയ്തു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തും കരസേനാ മേധാവി ജനറൽ എം എം നരവനെയും കൂടിക്കാഴ്ചയിൽ പങ്കാളികളായി. പുതിയ രാജ്യസഭാ നേതാവ് പീയുഷ് ഗോയൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമായും ശരത് പവാറുമായും ചർച്ച നടത്തി.
വൈദ്യുതി ഭേദഗതി അടക്കം 38 ബിൽ
സമ്മേളനത്തിൽ 38 ബിൽ പരിഗണിക്കും. വിവാദമായ വൈദ്യുതി ഭേദഗതി ബില്ലുൾപ്പെടെ 17 എണ്ണം പുതിയതാണ്. ഓർഡിനൻസിന് പകരമായുള്ള പാപ്പർ ഭേദഗതി ബിൽ, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് ഭേദഗതി ബിൽ, പെൻഷൻഫണ്ട് റെഗുലേറ്ററി ഭേദഗതി ബിൽ എന്നിവയും പുതിയവയിലുൾപ്പെടും. ക്രിപ്റ്റോ കറൻസി മേഖലയെ നിയന്ത്രിച്ചുള്ള ബിൽ ഈ പട്ടികയിലില്ല. സ്വകാര്യ ക്രിപ്റ്റോകറൻസിയെയും നിയന്ത്രിച്ചും ഔദ്യോഗിക ക്രിപ്റ്റോകറൻസിക്ക് തുടക്കമിട്ടുമുള്ള കരടുബില്ലിന് സർക്കാർ നേരത്തേ രൂപം നൽകിയിരുന്നു.