ബര്ലിന്
യൂറോപ്പില് വെള്ളപ്പൊക്ക ദുരന്തത്തില് മരിച്ചവരുടെ എണ്ണം 170 കടന്നു. പ്രളയം ഏറ്റവുമധികം ബാധിച്ച പശ്ചിമ ജര്മന് സംസ്ഥാനമായ റൈന്ലന്ഡ് പലാറ്റിനേറ്റില് 90 പേരുടെ മരണം സ്ഥിരീകരിച്ചു. ആര്വൈലർ പ്രവിശ്യ പ്രളയത്തില് മുങ്ങിയിരിക്കുകയാണ്. ജര്മനിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്ത്ത് റൈന് വെസ്റ്റ്ഫാലിയയില് പുതുതായി മരണങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച പുറത്തുവന്ന കണക്കുകള് പ്രകാരം 43 പേര് ഇവിടെ മരിച്ചു. പലയിടത്തും ആളുകള് കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിലും വൈദ്യുതി, ഫോണ്, ഇന്റര്നെറ്റ് സേവനങ്ങള് തകരാറിലായതുകാരണം രക്ഷാപ്രവര്ത്തകര്ക്ക് ഇവരെ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുണ്ട്.
റര് നദി കരകവിഞ്ഞൊഴുകുന്നതിനാല് വാസന്ബെര്ഗ് നഗരത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. അയല് രാജ്യമായ ബെല്ജിയത്തില് മരിച്ചവരുടെ എണ്ണം 27 ആയി. നെതര്ലന്ഡ്സിലും മഴ കാര്യമായ നാശനഷ്ടങ്ങള്ക്കിടയാക്കി.
ശാസ്ത്രീയമായി ഉറപ്പിക്കാനായിട്ടില്ലെങ്കിലും മിന്നല് പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാകാമെന്നാണ് പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത്.
കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായി യൂറോപ്യന് യൂണിയന് കോടികളുടെ പദ്ധതികള് പ്രഖ്യാപിക്കുന്നതിനിടെയാണ് പ്രളയം ജര്മനിയെയും അയല് രാജ്യങ്ങളെയും തകര്ത്തിരിക്കുന്നത്. ഇത്തരം പ്രകൃതി പ്രക്ഷോഭങ്ങള് യൂറോപ്, യുഎസ്, ക്യാനഡ, സൈബീരിയ ഉള്പ്പെടെയുള്ള രാജ്യങ്ങളില് ഇനിയും ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പുകള്.