കൊച്ചി
മെട്രോമുതൽ ഓട്ടോറിക്ഷവരെ ഒറ്റ ക്ലിക്കിൽ വിളിപ്പുറത്തെത്തിക്കുന്ന ഡിജിറ്റൽ സംവിധാനം ലോകത്താദ്യമായി ഇതാ കൊച്ചിയിൽ. കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (കെഎംടിഎ) കീഴിലാണ് കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്വർക് (കെഒഎംഎൻ) ഒരുങ്ങുന്നത്. കൊച്ചി മെട്രോ, ജല മെട്രോ, ബസ്, ടാക്സി, ഓട്ടോ സൗകര്യങ്ങൾ ഒറ്റ ആപ്പിലൂടെ ലഭ്യം. ഇടനിലക്കാരില്ലാതെ ടാക്സി ലഭ്യമാക്കുന്ന യാത്രി റൈഡ് ആപ്പാണ് ആദ്യം തുടങ്ങുന്നത്. യാത്രി റൈഡ് ആപ്പിന്റെയും കൊച്ചി ഓപ്പൻ മൊബിലിറ്റി നെറ്റ്വർക്കിന്റെയും ഉദ്ഘാടനം 23ന് ഗതാഗതമന്ത്രി ആന്റണി രാജു കൊച്ചിയിൽ നിർവഹിക്കും.
യൂബറിലും മറ്റും ടാക്സി കാറുകൾമാത്രം ലഭ്യമാകുമ്പോൾ, കെഒഎംഎൻ ആപ്പുകളിലൊന്ന് ഡൗൺലോഡ് ചെയ്താൽ എല്ലാ യാത്രാസംവിധാനങ്ങളും റെഡി. ‘യാത്രി റൈഡി’ൽ ആയിരത്തിലേറെ ടാക്സി കാറുകളുണ്ട്. ഓട്ടോറിക്ഷകൾക്കായി ഓസ ആപ് തയ്യാറാകുന്നു. കെഒഎംഎൻ ആപ്പുകളിലും കിലോമീറ്റർ കണക്കാക്കി യാത്രാനിരക്ക് ഉൾപ്പെടെ മുൻകൂട്ടി അറിയാം. സർക്കാർ അംഗീകൃത നിരക്കാണ് ഈടാക്കുക. ഇടനിലക്കാർ ഇല്ലെന്നതാണ് വ്യത്യാസം.
യാത്രി ആപ്പിൽ മുഴുവൻ തുകയും ഡ്രൈവർമാർക്ക് കിട്ടും. വർഷം രണ്ടുതവണ ആപ് പുതുക്കുന്നതിന്റെ ചെലവ് തൽക്കാലം കെഎംടിഎ വഹിക്കും. ഡ്രൈവർമാരുടെ സൊസൈറ്റി രൂപീകരിച്ച് ഭാവിയിൽ ആപ്പിന്റെ പൂർണചുമതല കൈമാറുമെന്ന് കെഎംടിഎയുടെ ഏകോപനം നിർവഹിക്കുന്ന ജി ആദർശ്കുമാർനായർ പറഞ്ഞു. ബംഗളൂരു കേന്ദ്രമായ ബെക്കൺ ഫൗണ്ടേഷനാണ് ഇതിനാവശ്യമായ ഡിജിറ്റൽ സാങ്കേതികസൗകര്യം സൗജന്യമായി ഒരുക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള ആപ്പുകൾ പ്രവർത്തിക്കുന്ന ഓപ്പൺ സ്പെസിഫിക്കേഷനിലാണ് ബെക്കൺ ഇതും തയ്യാറാക്കുന്നത്.
എന്നാൽ, ലോകത്തുതന്നെ ആദ്യമാണ് വിവിധ യാത്രാസംവിധാനങ്ങളെ സംയോജിപ്പിച്ച് ഓപ്പൺ സ്പെസിഫിക്കേഷനിൽ സംവിധാനമെന്ന് ആദർശ്കുമാർനായർ പറഞ്ഞു. എല്ലാ യാത്രാസംവിധാനങ്ങളുമുള്ള നഗരമെന്ന നിലയിലാണ് ബെക്കൺ ഈ രംഗത്തെ അവരുടെ ആദ്യ ഉദ്യമത്തിന് കൊച്ചിയെ തെരഞ്ഞെടുത്തത്. സാങ്കേതികവിദ്യയുടെ ഉടമസ്ഥാവകാശം ഉൾപ്പെടെയാണ് അവർ കെഎംടിഎക്ക് കൈമാറിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.