തിരുവനന്തപുരം
സ്ത്രീക്കെതിരായ അതിക്രമം നേരിടാൻ പൊലീസ് നടപ്പാക്കുന്ന പിങ്ക് സുരക്ഷാ പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സൈബർലോകത്തും പൊതു–- സ്വകാര്യ ഇടങ്ങളിലും സ്ത്രീസുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി പത്ത് ഘടകം ഉണ്ടാകും. ഗാർഹികപീഡനം മുൻകൂട്ടി തടയാൻ പിങ്ക് ജനമൈത്രി ബീറ്റ് നടപ്പാക്കും. വീടുകൾ സന്ദർശിച്ച് ഗാർഹികപീഡന വിവരശേഖരണമാകും ഇവരുടെ പ്രധാന ചുമതല. പഞ്ചായത്ത് അംഗങ്ങൾ, അയൽവാസികൾ, നാട്ടുകാർ എന്നിവരിൽനിന്ന് ശേഖരിക്കുന്ന വിവരം സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് കൈമാറും.
പൊതുസ്ഥലങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച വനിതാ പൊലീസ് അടങ്ങുന്ന പിങ്ക് ബീറ്റ് സാന്നിധ്യമുറപ്പിക്കും. എല്ലാ ജില്ലയിലും പിങ്ക് കൺട്രോൾ റൂം തുറക്കും. തിരക്കുള്ള പ്രദേശങ്ങളിൽ സാമൂഹ്യവിരുദ്ധരെ പിടികൂടാൻ പിങ്ക് ഷാഡോ പട്രോൾ ടീമിനെയും നിയോഗിക്കും. വനിതകൾമാത്രം ഉൾപ്പെടുന്ന ബുള്ളറ്റ് പട്രോൾ സംഘം പിങ്ക് റോമിയോയും നിലവിൽവരും.