എ, ബി പ്രദേശങ്ങളിലെ ബ്യൂട്ടി പാർലറുകൾക്കും ബാർബർ ഷോപ്പുകൾക്കും തുറന്ന് പ്രവർത്തിക്കാം. വീട്ട് ഉപകരണങ്ങൾ വിൽക്കുന്ന കടകൾക്കും തുറക്കാം. രാവിലെ 7 മണി മുതൽ വൈകിട്ട് 8 മണിവരെയാണ് പ്രവർത്തനാനുമതിയുള്ളത്. മുടിവെട്ടാൻ മാത്രമാണ് അനുമതി ബാർബർ ഷോപ്പുകൾക്ക് അനുമതി നൽകുന്നത്. വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് എത്താം. എന്നാൽ, കൊവിഡ് പ്രതിരോധ വാക്സിൻ്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചവർക്ക് മാത്രമായിരിക്കണം ആരാധനാലയങ്ങളിൽ പ്രവേശനം നൽകേണ്ടത്. വിശേഷ ദിവസങ്ങളിൽ മാത്രമാണ് 40 പേർക്ക് അനുമതിയുള്ളത്.
കൊവിഡ് വാക്സിൻ്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ച സ്റ്റാഫുകളെയാണ് ബ്യൂട്ടി പാർലറുകളിൽ നിയോഗിക്കേണ്ടത്. എ, ബി വിഭാഗത്തിൽ വരുന്ന പ്രദേശങ്ങളിൽ സീരിയൽ ഷൂട്ടിങ്ങ് അനുവദിച്ചിട്ടുണ്ട്. അതേ രീതിയിൽ കർശന നിയന്ത്രണത്തോടെ സിനിമ ഷൂട്ടിങ്ങ് പ്രവർത്തനങ്ങളും നടത്താമെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
എഞ്ചിനീയറിങ്, പോളിടെക്നിക് കോളേജുകളിൽ സെമസ്റ്റർ പരീക്ഷ ആരംഭിച്ച സാഹചര്യത്തിൽ ഹോസ്റ്റലുകളിൽ താമസം അനുവദിക്കുന്ന കാര്യം അടുത്ത അവലോകന യോഗം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.