ഭക്ഷണം പലർക്കും വീക്നെസ് ആണ്. ചിലർക്ക് ചോറും നല്ല കറികളോടുമാവും താല്പര്യം, ചിലർക്ക് നല്ല ബിരിയാണി. എവിടെയെങ്കിലും നല്ല ബിരിയാണി ലഭിക്കും എന്ന വിവരം കിട്ടിയാൽ ഉടനെ അവിടെ ചെന്ന് ബിരിയാണി രുചിച്ചു നോക്കിയില്ലെങ്കിൽ ഒരു സമാധാനവും ലഭിക്കില്ല ഇക്കൂട്ടർക്ക്. മറ്റു ചിലർ ഫാസ്റ്റ് ഫുഡിന്റെ ആരാധകാരാണ്. ബർഗർ, ഫ്രഞ്ച് ഫ്രൈസ് എന്നിവയാണ് ഇക്കൂട്ടരുടെ പ്രീയപ്പെട്ട ഭക്ഷണം. അതെ സമയം ഈ മൂന്ന് വിഭവങ്ങളുടെയും ഏറ്റവും വില കൂടിയ പതിപ്പ് എവിടെയാണ് ലഭിക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ വർഷം ഈ മൂന്ന് വിഭവങ്ങളുടെയും മുൻകാല റെക്കോർഡ് തകർക്കപ്പെട്ടു. ഏറ്റവും വിലയുള്ള ബിരിയാണി, ബർഗർ, ഫ്രഞ്ച് ഫ്രൈസ് എന്നിവ ലഭിക്കുന്ന പുത്തൻ സ്ഥലങ്ങൾ ഏതൊക്കെ എന്നറിയാം.
ദുബായിയിലെ ഇന്ത്യൻ ഭക്ഷണ ശാലയായ ബോംബെ ബോറോ ഹോട്ടലിലാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ബിരിയാണി വിളമ്പുന്നത്. റോയൽ ഗോൾഡ് ബിരിയാണി എന്ന് പേരിട്ടിരിക്കുന്ന ബിരിയാണി ചില്ലറക്കാരൻ അല്ല. 23 ക്യാരറ്റ് സ്വർണം വരെ ഈ ബിരിയാണിയിലുണ്ട്. 1000 ദിർഹം (ഏകദേശം 20,000) രൂപയാണ് റോയൽ ഗോൾഡ് ബിരിയാണിയുടെ വില. നാല് മുതൽ ആറ് പേർക്ക് വരെ കഴിക്കാവുന്ന റോയൽ ഗോൾഡ് ബിരിയാണി തയ്യറാക്കാൻ 45 മിനിറ്റ് വേണം. ഭക്ഷണശാലയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഫെബ്രുവരിയിലാണ് റോയൽ ഗോൾഡ് ബിരിയാണി അവതരിപ്പിച്ചത്.
കശ്മീരി ലാമ്പ് സീക്ക് കബാബ്, ഓൾഡ് ദില്ലി ലാമ്പ് ചോപ്‌സ്, രാജ്പൂത്ത് ചിക്കൻ കബാബ്, മുഗളായ് കോഫ്താ, മലായ് ചിക്കൻ എന്നിവയാണ് റോയൽ ഗോൾഡ് ബിരിയാണിയിലെ നോൺ-വെജ് വിഭവങ്ങൾ. ഇവ കുങ്കുമം ചേർത്ത ബിരിയാണി വലിയ തളികയിലാക്കി അതിനു മുകളിലാണ് ഒരുക്കുന്നത്. ഗാർണിഷ് ചെയ്യുന്നവയിൽ 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണവുമുണ്ട്. വിവിധ തരത്തിലുള്ള സോസുകൾ, കറികൾ, സാലഡുകൾ എന്നിവയും റോയൽ ഗോൾഡ് ബിരിയാണിയുടെ ഭാഗമാണ്.
കോടീശ്വരന്മാർ പോലും കഴിക്കണോ എന്ന് രണ്ടാമതൊന്ന് ചിന്തിക്കുന്ന 5 വിഭവങ്ങൾ
ഡച്ച് ഷെഫ് ആയ റോബർട്ട് ജാൻ ഡി വീൻ ആണ് ലോകത്തിലെ ഏറ്റവും വിലയേറിയ ബർഗർ അടുത്തിടെ തയ്യാറാക്കിയത്. ഡി ഡാൽട്ടൺസ് ഡൈനർ എന്ന ഭക്ഷണശാല നടത്തുന്ന റോബർട്ട് ലോകത്തിലെ ഏറ്റവും വിലയുള്ള ബർഗറിന് ഒരു പേരും നൽകിയിട്ടുണ്ട്, ദി ഗോൾഡൻ ബോയ്. ഒരൊറ്റ കഷണത്തിന് 5,000 ഡോളർ, ഏകദേശം 4,41,305 രൂപയാണ് വില. ലോകത്തിലെ ഏറ്റവും വിലയുള്ള ഭക്ഷണ വിഭവങ്ങളാണ് ദി ഗോൾഡൻ ബോയ് ബർഗറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭക്ഷിക്കാവുന്ന സ്വർണ്ണം കൊണ്ടുള്ള ഇലകൾ, കുങ്കുമം, വാഗ്യു ബീഫ്, കാവിയാർ എന്നിങ്ങനെയുള്ള ചേരുവകളാണ് ദി ഗോൾഡൻ ബോയ് ബർഗറിന്റെ വില ഇത്രയും കൂട്ടുന്നത്. ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പികളിൽ ഒന്നായ കോപി ലുവാക്ക് ഉപയോഗിച്ച് നിർമ്മിച്ച ബാർബിക്യൂ സോസിൻ്റെ ഒപ്പമാണ് ദി ഗോൾഡൻ ബോയ് ബർഗർ വിളമ്പുക. ഡോം പെരിഗ്നൺ ഷാംപെയ്ൻ ഒഴിച്ച് തയ്യാറാക്കിയ ബൺ ആണ് ദി ഗോൾഡൻ ബോയിൽ ഉപയോഗിക്കുന്നത്.
ഈ ചൈനക്കാരെകൊണ്ട് തോറ്റു! പുതിയ ഐറ്റം ഓറിയോ + പോർക്ക് ബർഗർ
അമേരിക്കയിലേ മാൻഹട്ടനിൽ പ്രവർത്തിക്കുന്ന സെറെൻഡിപിറ്റി 3 എന്ന് പേരുള്ള ഭക്ഷണശാലയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഫ്രഞ്ച് ഫ്രൈസ് നിർമ്മിച്ച് ഗിന്നസ് റെക്കോർഡ്സിൽ ഇടം പിടിച്ചത്. സെറെൻഡിപിറ്റി 3യുടെ ക്രിയേറ്റീവ് ഷെഫ് ജോ കാൽഡെറോൺ, കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ഷെഫ് ഫ്രെഡ്രിക് ഷോൻ-കിവേർട്ട് എന്നിവരാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ ഫ്രഞ്ച് ഫ്രൈസിന് പിന്നിൽ. 200 യുഎസ് ഡോളർ വിലയുള്ള ഈ വിഭവത്തിൽ ഡോം പെരിഗൺ ഷാംപെയ്ൻ, ഫ്രാൻസിൽ നിന്നുള്ള ഗൂസ് കൊഴുപ്പ്, ജെ. ലെബ്ലാങ്ക് ഫ്രഞ്ച് ഷാംപെയ്ൻ അർഡെൻ വിനാഗർ എന്നിവ ചേർത്തിട്ടുണ്ട്. 3 മാസം പഴക്കമുള്ള ഗ്രുയേർ ട്രഫിൽഡ് സ്വിസ് റാക്കലെറ്റ്, 23 ക്യാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണ്ണത്തിന്റെ പൊടി എന്നിവ ചേർത്താണ് വിഭവം അലങ്കരിച്ചിരിക്കുന്നത്. ഡോം പെരിഗൺ ഷാംപെയ്ൻ, ജെ. ലെബ്ലാങ്ക് ഫ്രഞ്ച് ഷാംപെയ്ൻ അർഡെൻ വിനാഗർ എന്നിവയിൽ ഉരുളക്കിഴങ്ങ് കുതിർത്താണ് വിഭവം തയ്യാറാക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും വിലയുള്ള ഫ്രഞ്ച് ഫ്രൈസിന് മധുരവും അസിഡിറ്റിയും നൽകുന്നു.
ഫ്രാൻസിൽ നിന്നല്ല! ഫ്രഞ്ച് ഫ്രൈസിനെപ്പറ്റി നിങ്ങൾ കേട്ടിട്ടില്ലാത്ത 10 കാര്യങ്ങൾ