ആലപ്പുഴ > ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ് വിഷയത്തില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് മുസ്ലിംലീഗ് ശ്രമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന് പറഞ്ഞു. ലീഗ് വിഷയത്തെ മറ്റൊരു തരത്തില്‍ തിരിച്ചുവിടാന്‍ ശ്രമിക്കുന്നോയെന്ന് സംശയിക്കുന്ന പ്രതികരണമാണ് വന്നത്. ലീഗിനാണ് യുഡിഎഫില്‍ വ്യത്യസ്ഥ നിലപാടുള്ളത്. എല്‍ഡിഎഫില്‍ പ്രശ്നമുണ്ടാകണമെന്ന് പി കെ കുഞ്ഞാലിക്കുട്ടിക്ക് ആഗ്രഹമുണ്ട്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കണമെന്ന ആഗ്രഹമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ട്. അത് സമൂഹം നിരാകരിക്കും– ആലപ്പുഴയില്‍ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നിലപാട് എല്ലാവര്ക്കും സ്വീകാര്യമാണ്. എല്ലാ വിഭാഗവും സ്വാഗതം ചെയ്യുന്നു. ആര്‍ക്കും ആനുകൂല്യം കുറയുന്നില്ല. കോടതിയാണ് മാറ്റം നിര്‍ദ്ദേശിച്ചത്. സര്‍വകക്ഷിയോഗം വിളിച്ച് ആശയവിനിമയം നടത്തി കൈക്കൊണ്ട തീരുമാനമാണ്. ലീഗിന്റെ വാദത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. യുഡിഎഫ് ഇവിടെ അധികാരത്തിലിരുന്നതല്ലേ. അപ്പോഴും ഈ സാഹചര്യം തുടര്‍ന്നു. സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കുന്ന പ്രതികരണം ആരും നടത്തരുത്. വിവിധ ജനവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകാതെ പ്രശ്നം പരിഹരിക്കാനാണ് എല്ലാ രാഷ്ട്രീയപാര്‍ടികളും ശ്രമിക്കേണ്ടത്– വിജയരാഘവന് പറഞ്ഞു.