ആലപ്പുഴ: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ പ്രതികരണവും വിശദീകരണവുമായി സി.പി.എം. ജനസംഖ്യാടിസ്ഥാനത്തിൽ സ്കോളർഷിപ്പ് വിതരണം ചെയ്യാനുള്ള തീരുമാനം സർക്കാർ സർവകക്ഷിയോഗം വിളിച്ച് ആശയവിനിമയം നടത്തി എടുത്തതാണെന്ന് സി.പി.എം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിനകത്ത് മുസ്ലിം ലീഗാണ് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു കാണുന്നത്. വിഷയത്തെ മറ്റൊരു തരത്തിൽ തിരിച്ചുവിടാൻ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കാനിട നൽകുന്ന ചില പ്രസ്താവനകളാണ് കണ്ടിട്ടുള്ളത്. സർക്കാർ എടുത്ത ശരിയായ തീരുമാനത്തിന് പിന്തുണ നൽകലാണ് നാം ഇപ്പോൾ ചെയ്യേണ്ടത്. ഒരാളുടെ ആനുകൂല്യവും നഷ്ടപ്പെടുന്നില്ല. എത്ര സ്കോളർഷിപ്പുകളാണോ കൊടുത്തുവരുന്നത് ആ സ്കോളർഷിപ്പ് കൊടുക്കുകയാണ്. പുതുതായി കൊടുക്കേണ്ടി വരുന്നതിനാണ് സർക്കാർ പുതുതായി വിഭവം കണ്ടെത്തി അത് കൊടുക്കാൻ സന്നദ്ധമാകുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം ആർക്കും നഷ്ടപ്പെടുന്നില്ല എന്ന കാര്യം വ്യക്തമാണ്- വിജയരാഘവൻ പറഞ്ഞു.
കേരള ഹൈക്കോടതി ന്യൂനപക്ഷ സ്കോളർഷിപ്പ് സംബന്ധിച്ച് ചില മാറ്റങ്ങൾ വേണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. കോടതിവിധിയെ തുടർന്ന് നിലവിലുള്ളതിൽ മാറ്റം വരുത്തേണ്ടതുണ്ട്. എന്നാൽ സർക്കാർ എല്ലാവരുമായി ആശയവിനിമയം നടത്തി ഇക്കാര്യത്തിൽ തീരുമാനം എടുത്തതാണ്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഈ പുതിയ പരിസ്ഥിതിയിൽ കേരളത്തിലെ വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിന് തടസ്സമുണ്ടാവാത്ത രൂപത്തിൽ തെറ്റായ പ്രചരണങ്ങൾക്ക് അവസരം നൽകാതെ വിഷയം പരിഹരിക്കാനാണ് പൊതുനിർദേശം എന്ന നിലയിൽ ആശയവിനിമയം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരാകട്ടെ നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന ഒരു ആനുകൂല്യവും നഷ്ടപ്പെടാത്ത വിധത്തിലാണ് പ്രശ്ന പരിഹാരം കണ്ടിട്ടുള്ളത്. നിലവിൽ നൽകുന്ന സ്കോളർഷിപ്പുകളുടെ എണ്ണം ഒരു സമുദായത്തിനും കുറയുന്നില്ല. അധികമായിവരുന്ന ചെലവ് സർക്കാർ വഹിക്കുന്ന വിധത്തിൽ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. ഇന്നത്തെ നിലയിൽ കാര്യങ്ങൾ വളരെ ശരിയായ നിലയിൽ ചർച്ച ചെയ്ത് സർക്കാർ ഒരു തീരുമാനം എടുത്തിരിക്കുകയാണ്. എല്ലാ വിഭാഗം ആളുകളും അതിനെ സ്വാഗതം ചെയ്തിരിക്കുകയാണ്. സർക്കാർ തീരുമാനത്തിന് പൊതുസമൂഹത്തിൽ സ്വീകാര്യതയാണുള്ളത്. ആ സ്വീകാര്യത ലഭ്യമാകുന്നത് അത്തരമൊരു തീരുമാനത്തിലെത്താൻ സർക്കാർ സ്വീകരിച്ച ജനാധിപത്യ സമീപനത്തിന്റെ ഭാഗമായിട്ടാണ്. ഈ വിഷയത്തിൽ നമ്മുടെ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന തരത്തിൽ ആരും പ്രതികരണങ്ങൾ നടത്തിക്കൂടാത്തതാണ്. ആ നിലയിൽതന്നെയാണ് കേരളം ഈ വിഷയം ചർച്ച ചെയ്തിട്ടുള്ളതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
content highlights:a vijayaraghavan on muslim legues stand on minority scholarship issue