കോഴിക്കോട്: കെ.എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ്അന്വേഷണം കർണാടകയിലേക്ക്.നിരവധി തവണവിജിലൻസ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നുവെങ്കിലും പല മൊഴികളിലും പൊരുത്തക്കേടുണ്ടെന്നാണ് വിജിലൻസ് സംഘം കരുതുന്നത്.കൃഷിയിലൂടെയാണ് തന്റെ വരുമാനമെന്നും ഇഞ്ചികൃഷിയുണ്ടെന്നും കെ.എം ഷാജി മാധ്യമങ്ങളിലൂടെയടക്കം പ്രതികരിക്കുകയും ചെയ്തിരുന്നു.
തുടർന്നാണ് ഷാജിയുടെ കൃഷി സംബന്ധിച്ച് വിവരം തേടി സംഘം കർണാടകയിലേക്ക് പോവാനൊരുങ്ങുന്നത്. വരും ദിവസങ്ങളിൽ തന്നെ ഇത് സംബന്ധിച്ച നടപടി ക്രമങ്ങളിലേക്ക് വിജിലൻസ് സംഘം കടക്കും. കൃഷി തന്നെയാണോ അല്ലെങ്കിൽ ഭൂമിയിടപാടുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും.
അനധികൃത സ്വത്ത് സമ്പാദവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഷാജി നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നായിരുന്നു വിജിലൻസ് പലതവണ ചോദ്യം ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പിനായി പിരിച്ച പണത്തിന്റെ രസീതിന്റെ കൗണ്ടർ ഫോയിലുകളും മിനിറ്റ്സിന്റെ രേഖകളും ഷാജി തെളിവായി നൽകിയിരുന്നു. എന്നാൽ ഇത് വ്യാജമായി ഉണ്ടാക്കിയാതാണ് എന്നാണ് വിജിലൻസ് സംശയിക്കുന്നത്.
ഷാജിക്ക് വരവിൽകവിഞ്ഞ സ്വത്ത് ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നവംബറിൽ പ്രാഥമിക അന്വേഷണം തുടങ്ങിയത്. തുടർന്നാണ് ഷാജിക്കെതിരെ വിജിലൻസും കേസെടുത്തത്. നേരത്തേയും ഷാജിയുടെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു.