ചെന്നൈ: ആഡംബര കാറിന് പ്രവേശന നികുതി ഇളവുചെയ്യണമെന്ന ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് വിധിക്കെതിരേ നടൻ വിജയ് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് ആർ.എൻ. മഞ്ജുള എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച ഹർജി പരിഗണിച്ചേക്കും.
നടനെതിരായ സിംഗിൾ ബെഞ്ചിന്റെ പ്രസ്താവനകൾ നീക്കണമെന്ന് അപ്പീലിൽ ആവശ്യപ്പെട്ടതായാണ് സൂചന. 2012-ൽ ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് ഗോസ്റ്റ് കാറിന്റെ പ്രവേശന നികുതിയിൽ ഇളവ് ആവശ്യപ്പെട്ടായിരുന്നു വിജയ് കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി പരിഗണിച്ച ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം താരത്തെ രൂക്ഷമായി വിമർശിക്കുകയും ഹർജി തള്ളി ഒരു ലക്ഷം രൂപ പിഴ ചുമത്തുകയുമായിരുന്നു.
സിനിമയിലെ സൂപ്പർ താരങ്ങൾ യഥാർഥജീവിതത്തിൽ റീൽ ഹീറോ ആവരുതെന്നും കൃത്യമായി നികുതി അടച്ച് മാതൃകയാകണമെന്നും കോടതി വിമർശിച്ചിരുന്നു. നികുതി വെട്ടിക്കാൻ ശ്രമിക്കുന്നത് നിയമ വിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. കാറിന്റെ ഇറക്കുമതി തീരുവ വിജയ് നേരത്തേ കെട്ടിയിരുന്നതാണ്. എന്നാൽ പ്രവേശന നികുതി അടച്ചിരുന്നില്ല.