ദുബായ്
ഒക്ടോബറിൽ നടക്കുന്ന ട്വന്റി–-20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിൽ. രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം എത്തുന്നത്. ലോകകപ്പിന്റെ സൂപ്പർ 12 ഘട്ടത്തിലാണ് പോരാട്ടം. ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ലോകകപ്പ്. കോവിഡ് മഹാമാരിക്കുശേഷം ഐസിസിയുടെ പ്രധാന ടൂർണമെന്റാണ് ഈ ലോകകപ്പ്. ഇന്ത്യയായിരുന്നു വേദി. എന്നാൽ കോവിഡ് പ്രതിസന്ധി മാറാത്തതിനാൽ വേദി യുഎഇയിലേക്കും ഒമാനിലേക്കുമായി മാറ്റുകയായിരുന്നു. സൂപ്പർ 12ലേക്കുള്ള യോഗ്യതാ മത്സരങ്ങളാണ് ആദ്യം.
രണ്ട് ഗ്രൂപ്പുകളാണ്. ഗ്രൂപ്പ് എയിൽ ശ്രീലങ്ക, അയർലൻഡ്, നെതർലൻഡ്സ്, നമീബിയ ടീമുകളും ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശ്, സ്കോട്ലൻഡ്, പാപുവ ന്യൂഗിനിയ, ഒമാൻ ടീമുകളും മത്സരിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ 12ലേക്ക് മുന്നേറും. സൂപ്പർ 12 മത്സരങ്ങൾ യുഎഇയിലാണ്. ദുബായ്, ഷാർജ, അബുദാബി എന്നിവടങ്ങളിൽ നടക്കും.
സൂപ്പർ 12ൽ രണ്ട് ഗ്രൂപ്പുകളാണ്. ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകൾക്കൊപ്പം യോഗ്യത കളിച്ചെത്തുന്ന രണ്ട് ടീമുകളും ഉൾപ്പെടും. ഗ്രൂപ്പ് ഒന്നിൽ നിലവിലെ ചാമ്പ്യൻമാരായ വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും യോഗ്യതാ റൗണ്ടിലെ രണ്ട് ടീമുകളും ഉൾപ്പെടും. .