കൊളംബോ
ശ്രീലങ്കയിൽ ഇന്ത്യയുടെ ഏകദിന, ട്വന്റി–-20 പരമ്പരയ്ക്ക് നാളെ തുടക്കം. കൊളംബോയിൽ നാളെ പകൽ മൂന്നിനാണ് ആദ്യ ഏകദിനം. മൂന്നുവീതം ഏകദിനവും ട്വന്റി–-20യുമാണ് പരമ്പരയിൽ. രണ്ടാംനിര സംഘമാണ് ഇന്ത്യക്ക്. പ്രധാന കളിക്കാർ ഇംഗ്ലണ്ടിലാണ്. ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിൽ. മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡാണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ. ശിഖർ ധവാൻ ക്യാപ്റ്റനും ഭുവനേശ്വർ കുമാർ വൈസ് ക്യാപ്റ്റനും. മലയാളി താരം സഞ്ജു സാംസൺ, മനീഷ് പാണ്ഡെ, കുൽദീപ് യാദവ് തുടങ്ങിയ കളിക്കാർക്ക് വീണ്ടുമൊരു അവസരമാണ് കിട്ടിയിരിക്കുന്നത്. ലങ്കയിൽ തിളങ്ങിയാൽ ട്വന്റി–-20 ലോകകപ്പിലേക്ക് വഴിതെളിയും.
ശ്രീലങ്ക പ്രതിസന്ധിയിലാണ്. കരാർ വിവാദം ടീമിനെ ബാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ മുഴുവൻ മത്സരങ്ങളും തോറ്റാണ് മടങ്ങിയത്. പ്രമുഖ താരങ്ങളിൽ പലരും ടീമിലില്ല.സഞ്ജുവിന് കളിക്കാൻ അവസരം കിട്ടുമെന്ന് ഉറപ്പില്ല. സഞ്ജുവിനെ കൂടാതെ ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ഇഷാൻ കിഷൻ ട്വന്റി–-20യിൽ കളിക്കാൻ കിട്ടിയ അവസരത്തിൽ തിളങ്ങിയിരുന്നു. സഞ്ജുവിന് ഏറെ അവസരം കിട്ടിയെങ്കിലും മികച്ചൊരു പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. പാതിയിൽ മുടങ്ങിയ ഐപിഎല്ലിൽ തകർപ്പൻ പ്രകടനമായിരുന്നു. ഇതാണ് ടീമിലേക്ക് വഴിയൊരുക്കിയതും.
മുപ്പത്തൊന്നുകാരനായ പാണ്ഡെ ഇടക്കാലത്ത് ട്വന്റി–-20യിലും ഏകദിനത്തിലും ആറാംനമ്പർ ബാറ്റ്സ്മാനായിരുന്നു. എന്നാൽ സ്ഥിരതയില്ലാത്തത് തിരിച്ചടിയായി. ട്വന്റി–-20യിൽ വമ്പൻ പ്രകടനവും കുറവായിരുന്നു. കുൽദീപും സ്പിൻ പങ്കാളി യുശ്വേന്ദ്ര ചഹാലും ഏറെക്കുറെ ടീമിന് പുറത്താണ്. മുൻകാലങ്ങളിലെ മികവ് ആവർത്തിക്കാൻ ഇരുവർക്കുമാകുന്നില്ല. കുൽദീപിന് ഇത് അവസാന അവസരമായിരിക്കും.യുവതാരങ്ങളായ ദേവ്ദത്ത് പടിക്കൽ, ചേതൻ സക്കറിയ എന്നിവർക്കും കഴിവ് തെളിയാക്കാനുള്ള വേദിയാകും ഇത്. ഐപിഎല്ലിൽ മികച്ച പ്രകടനമായിരുന്നു ഇരുവരും പുറത്തെടുത്തത്.
ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), യുശ്വേന്ദ്ര ചഹാൽ, ദീപക് ചഹാർ, രാഹുൽ ചഹാർ, റുതുരാജ് ഗെയ്ക്വാദ്, കൃഷ്ണപ്പ ഗൗതം, ഇഷാൻ കിഷൻ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ദേവ്ദത്ത് പടിക്കൽ, മനീഷ് പാണ്ഡെ, ക്രുണാൾ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ, നിതീഷ് റാണ, നവ്ദീപ് സെയ്നി, ചേതൻ സക്കറിയ, സഞ്ജു സാംസൺ, പൃഥ്വി ഷാ, വരുൺ ചക്രവർത്തി, സൂര്യകുമാർ യാദവ്.