കൊച്ചി
സ്ത്രീധനം വിഷയത്തിൽ ബോണ്ട് ഒപ്പിടുന്ന കാര്യം ചർച്ച ചെയ്യാൻ സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗം വീണ്ടും ചേരുമെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വിസിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സർവകലാശാല ബിരുദദാനച്ചടങ്ങിനുമുമ്പ് വിദ്യാർഥികളും അഡ്മിഷൻ സമയത്ത് രക്ഷിതാക്കളും സ്ത്രീധനം ബോണ്ടിൽ ഒപ്പിടണം.
സർവകലാശാലകളിൽ നിയമിക്കുന്ന ജീവനക്കാരും സ്ത്രീധനം വാങ്ങില്ലെന്നും കൊടുക്കില്ലെന്നുമുള്ള ബോണ്ട് ഒപ്പുവയ്ക്കണം. മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഈ ആശയത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. വിദ്യ വിവേകം നൽകുന്നതാണ്. കൂടുതൽ സ്ത്രീധനം വാങ്ങാനുള്ള ലൈസൻസല്ല ബിരുദം. അതുകൊണ്ട് സർവകലാശാലയ്ക്ക് ബോണ്ടിനുള്ള നിയമപരമായ അവകാശമുണ്ടെന്നും ഗവർണർ പറഞ്ഞു.