മംഗളൂരു
കനത്ത മഴയിൽ മംഗളൂരുവിൽ റെയിൽപാളത്തിൽ മണ്ണിടിഞ്ഞ് കൊങ്കൺ പാതയിലെ ഗതാഗതം സ്തംഭിച്ചു. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനുകീഴിൽ വരുന്ന കുലശേഖര തുരങ്കം കഴിഞ്ഞ് 200 മീറ്റർ മാറിയാണ് വെള്ളിയാഴ്ച രാവിലെ വലിയതോതിൽ മണ്ണിടിഞ്ഞത്. ഒരു ട്രെയിൻ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
മംഗളൂരു ജങ്ഷൻ (കങ്കനാടി) –-തോക്കൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് കുലശേഖര തുരങ്കം. അമ്പത് മീറ്ററോളം മണ്ണും കല്ലും വീണ് പാളം മൂടി. റെയിൽ വൈദ്യുതിലൈനിനും കേടുപറ്റി. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം രാത്രി വൈകിയും തുടർന്നു. ശനിയാഴ്ച പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെങ്കിലും കനത്ത മഴ വെല്ലുവിളിയാണ്.
മംഗളൂരു സെൻട്രലിൽനിന്ന് വെള്ളിയാഴ്ച പകൽ 12.40ന് പുറപ്പെടേണ്ടിയിരുന്ന ലോകമാന്യതിലക് മത്സ്യഗന്ധ എക്സ്പ്രസ് (02620) റദ്ദാക്കി. മുംബൈയിൽനിന്ന് മംഗളൂരു ജങ്ഷനിലേക്കുള്ള എക്സ്പ്രസ് ട്രെയിനും ദാദർ –-തിരുനൽവേലി ട്രെയിനും സൂർത്ത്കലിൽ യാത്ര അവസാനിപ്പിച്ചു. ദാദർ –-തിരുനൽവേലി ട്രെയിനിലെ യാത്രക്കാരെ മംഗളൂരു സെൻട്രലിൽനിന്ന് പ്രത്യേക ട്രെയിനിൽ ഷെർണൂരിൽ എത്തിച്ചു. ഇവർ കണക്ഷൻ ട്രെയിനിൽ തിരുനൽവേലിയിലേക്കുപോയി. മംഗളൂരുവിൽനിന്ന് സൂറത്ത്കലിലേക്കും തിരിച്ചും യാത്രക്കാരെ ബസിൽ എത്തിച്ചു.
എറണാകുളം ജങ്ഷൻ–- നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഷെർണൂർ ജങ്ഷനിൽനിന്ന് പാലക്കാട്, ഈറോഡ്, സേലം, ജോലാർപേട്ട, റെനിഗുണ്ട, ബാൾഹർഷ, ജുജ്ഹാർപുർ വഴി തിരിച്ചുവിട്ടു. പാലക്കാട് ഡിആർഎം ത്രിലോക് കൊട്ടാരി സ്ഥലം സന്ദർശിച്ചു. ജില്ലാ ഡെപ്യൂട്ടി കമീഷണർ ഡോ. രാജേന്ദ്രയും സ്ഥിതിഗതി വിലയിരുത്തി.