ന്യൂഡൽഹി
കോവിഡ് വാക്സിൻ സംഭരണത്തിൽ കേന്ദ്രസർക്കാരിന് വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്ന വിവരാവകാശരേഖ പുറത്ത്. 2021 മാർച്ച് 12നും മെയ് അഞ്ചിനും ഇടയിൽ വാക്സിൻ ഓർഡറുകൾ നൽകിയിട്ടില്ല. കൊമഡോർ (റിട്ട.) ലോകേഷ് ബത്രയ്ക്ക് ലഭിച്ച വിവരാവകാശ രേഖകളിൽ വാക്സിൻ സംഭരണചുമതലയുള്ള എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് മുഖേന കേന്ദ്രസർക്കാർ വാക്സിൻകമ്പനികൾക്ക് നൽകിയ ഓർഡറുകളുടെ വിശദാംശങ്ങളുണ്ട്. മാർച്ച് 12ന് കോവിഷീൽഡ് വാക്സിന്റെ 10 കോടി ഡോസിന് ഓർഡർ നൽകി. പിന്നീട് ഓർഡർ നൽകിയത് മെയ് അഞ്ചിനാണ്. കോവാക്സിനും ഇതേ തീയതികളിലാണ് ഓർഡർ നൽകിയിരിക്കുന്നത്.
എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് വാക്സിനുകൾക്ക് ഓർഡറുകൾ നൽകിയില്ലെന്ന് ദേശീയ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, മെയ് മൂന്നിന് മാധ്യമറിപ്പോർട്ടുകളെ പൂർണമായും തള്ളി കേന്ദ്രസർക്കാർ പ്രസ്താവനയിറക്കി. മെയ്, ജൂൺ, ജൂലൈ മാസങ്ങൾക്കുള്ള വാക്സിൻ ഡോസുകൾക്കായുള്ള ഓർഡറുകളും അഡ്വാൻസും ഏപ്രിൽ 28ന് കമ്പനികൾക്ക് കൈമാറിയെന്നായിരുന്നു ഇത്. സർക്കാരിന്റെ ഈ അവകാശവാദവും തെറ്റാണെന്നാണ് വിവരാവകാശരേഖകളെ ഉദ്ധരിച്ച് വാർത്താപോർട്ടലായ ‘ദി വയർ’ റിപ്പോർട്ട് ചെയ്തത്.
പത്ര റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസർക്കാർ പ്രസ്താവന പുറപ്പെടുവിച്ചത് മെയ് മൂന്നിനാണ്. മാർച്ച് 12നുശേഷം സർക്കാർ ഓർഡർ നൽകിയതാകട്ടെ ഈ പ്രസ്താവനയ്ക്കുംശേഷം മെയ് അഞ്ചിനാണ്. മാർച്ച് പകുതിമുതൽ മെയ് തുടക്കംവരെ കാര്യമായ രീതിയിൽ വാക്സിൻ സംഭരണം നടന്നിട്ടില്ല എന്നും ഇതിലൂടെ വ്യക്തമാകുന്നു.