തിരുവനന്തപുരം: ലോക്ഡൗണിൽ കടകൾ തുറക്കുന്നതടക്കം തങ്ങൾഉന്നയിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.ഈ സാഹചര്യത്തിൽ സർക്കാരുമായി ഒരു ഏറ്റുമുട്ടലിനില്ലെന്നനിലപാടാണ് വ്യാപാരികളുടേത്.
ശനി, ഞായർ ദിവസങ്ങളിൽ കടകൾ തുറക്കുന്നത് അടക്കമുള്ളവിഷയങ്ങളിൽ വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ പ്രഖ്യാപനം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പ്രഖ്യാപനത്തിനു ശേഷം തുടർ നടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും വ്യാപാരികൾ പറഞ്ഞു.
വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി സാധിക്കുന്ന നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. വരുംദിവസങ്ങളിൽ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമതി ഉന്നയിച്ച എല്ലാ കാര്യങ്ങളിലും അനുഭാവപൂർണമായ നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചർച്ചയിൽ പൂർണ സന്തോഷമുണ്ടെന്നും വ്യപാരികൾ വ്യക്തമാക്കി.
ബക്രീദുമായി ബന്ധപ്പെട്ട് കടകൾ പൂർണമായും തുറക്കാൻ അനുമതി നൽകുന്ന വിധത്തിൽ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഓണം വരെ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചതായും വ്യാപാരികൾ പറഞ്ഞു.വൈദ്യുതി ചാർജ്ജ്, സെയിൽസ് ടാക്സ് , ജിഎസ്ടി അപാകതകൾ, ക്ഷേമനിധി സംബന്ധിച്ച വിഷയം തുടങ്ങിയ വിഷയങ്ങളിലും പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വ്യാപാരികൾ വ്യക്തമാക്കി.
കടകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് വ്യാപാരികളും സർക്കാരും തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരികൾ നിലപാടെടുത്തതോടെ സർക്കാരും ശക്തമായി പ്രതികരിക്കുമെന്ന നിലവന്നു. ഇതിനു പിന്നാലെയാണ് പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ഇന്ന് ചർച്ച നടത്തിയത്.
Content Highlights:vyapari vyavasayi ekopana samithi press meet, pinarayi vijayan