മറ്റ് സംസ്ഥാനങ്ങളിൽ കേരളത്തിൽ ഉള്ളതിനേക്കാൾ മദ്യശാലകളുണ്ട്. കേരളത്തിൽ 300 മദ്യശാലകൾ മാത്രമാണുള്ളത്. എന്നാൽ ചെറിയ പ്രദേശമായ മാഹിയിൽ ഇതിനേക്കാൾ മദ്യഷാപ്പുകൾ നിലവിലുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഓഡിറ്റ് നടത്തുകയും മദ്യ വിൽപ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടിയെടുത്തുകൂടെ എന്നും ഹൈക്കോടതി ചോദിച്ചു. ഇതിന് തയ്യാറാണെന്നാണ് സർക്കാരും എക്സൈസ് കമ്മീഷണറും കോടതിയെ അറിയിച്ചു.
ആവശ്യക്കാർക്ക് അന്തസോടെ മദ്യം വാങ്ങാൻ പര്യാപ്തമായ രീതിയിൽ അവസരം നൽകിക്കൂടെ എന്നും കോടതി പറഞ്ഞു.
മദ്യശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചതായി വെവ്കോയും എക്സൈസ് കമ്മീഷറും സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം കുറവാണെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കോടതിയുടെ ഭാഗത്ത് നിന്നും നിരീക്ഷണമുണ്ടായത്.
സംസ്ഥാനത്ത് ബാറുകള്‍ തുറന്നതോടെ ബിവറേജസ് ഔട്ടലെറ്റുകളിലെ തിരക്ക് ഗണ്യമായി കുറഞ്ഞതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബെവ്കോ ഇതുവരെ സ്വീകരിച്ച നടപടികളിൽ സംതൃപ്തിയുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. തൃശൂർ കുറുപ്പം റോഡിലുള്ള മദ്യക്കടയിലെ തിരക്ക് ചൂണ്ടിക്കാട്ടി പ്രദേശവാസി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഭാഗത്ത് നിന്നും നിരീക്ഷണമുണ്ടായത്. കുറുപ്പം റോഡിലുള്ള മദ്യക്കട പൂട്ടിയതായി ബെവ്കോ കോടതിയിൽ വ്യക്തമാക്കി.