തിരുവനന്തപുരം > കോവിഡ് രണ്ടാം തരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവര്ത്തനങ്ങള് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്ഫറന്സില് സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള് മുഖ്യമന്ത്രി അവതരിപ്പിച്ചു.
ഏപ്രിലില് ആരംഭിച്ച രണ്ടാം തരംഗത്തില് അതിവ്യാപന ശേഷിയുള്ള ഡെല്റ്റാ വൈറസാണ് സംസ്ഥാനത്ത് പ്രധാനമായും കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏകദേശം 30 ശതമാനത്തിനടുത്ത് എത്തുന്ന സാഹചര്യമുണ്ടായി. ഇപ്പോള് അത് 10.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വൈകിയാണ് കേരളത്തില് രണ്ടാം തരംഗം ആരംഭിച്ചത്. രോഗം ഉച്ചസ്ഥായിയില് എത്തിക്കുന്നത് വൈകിച്ചു കൊണ്ട് ആരോഗ്യമേഖലയ്ക്ക് ഉള്ക്കൊള്ളാന് സാധിക്കുന്ന രീതിയില് രോഗവ്യാപനം പിടിച്ചു നിര്ത്താനാണ് കേരളം ശ്രമിച്ചത്. അതില് വിജയിക്കുകയും ചെയ്തു. അതിന്റെ ഭാഗമായാണ് കേരളത്തില് ഇപ്പോഴും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കൂടുതല്
ഉള്ളതെന്ന വസ്തുത യോഗത്തില് മുഖ്യമന്ത്രി വിശദീകരിച്ചു.
ടെസ്റ്റിംഗ് ആവശ്യമായ തോതില് നടത്തിയും, ക്വാറന്റൈനും ചികിത്സയും ഫലപ്രദമായി നടപ്പിലാക്കിയും രോഗത്തെ പ്രതിരോധിക്കാന് കേരളത്തിനു സാധിച്ചു. അതിനാലാണ് മരണ നിരക്ക് മറ്റു പ്രദേശങ്ങളില് ഉയര്ന്നിട്ടും
0.48 ശതമാനത്തില് ഇപ്പോഴും പിടിച്ച് നിര്ത്താന് കേരളത്തിനു സാധിക്കുന്നത്.
ഇതുവരെ സംസ്ഥാനത്തെ 1.17 കോടി ആളുകള്ക്ക് ആദ്യ ഡോസ് വാക്സിനും 44.18 ലക്ഷം പേര്ക്ക് രണ്ടു ഡോസ് വാക്സിനും നല്കാന് സാധിച്ചു. ആദിവാസി ജനവിഭാഗങ്ങള്, കിടപ്പുരോഗികള്, മാനസികാരോഗ്യ കേന്ദ്രങ്ങളിലെ രോഗികള്, വൃദ്ധസദനങ്ങളിലെ അന്തേവാസികള്, ട്രാന്സ്ജെന്റര് വിഭാഗത്തില് പെടുന്നവര് തുടങ്ങിയവര്ക്കായി പ്രത്യേക വാക്സിനേഷന് പദ്ധതികള് ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഒട്ടും
നഷ്ടപ്പെടുത്താതെ ഏറ്റവും വേഗത്തില് വാക്സിന് വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം.
ഇതെല്ലാം കണക്കിലെടുത്ത് കേരളത്തില് ആവശ്യമായ അളവില് വാക്സിന് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വാക്സിന് ദൗര്ലഭ്യം ഒഴിവാക്കാന് 60 ലക്ഷം ഡോസ് വാക്സിന് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില് ലഭ്യമാക്കാന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 11നു തന്നെ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്ത്തനങ്ങള് കൂടുതല് കാര്യക്ഷമമായി നടപ്പിലാക്കാനാവശ്യമായ പിന്തുണ കേന്ദ്ര സര്ക്കാരില് നിന്നുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്ത്ഥിച്ചു.