കാബൂൾ> പുലിറ്റ്സര്‍ ജേതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. റോയിട്ടേഴ്സ് ചീഫ് ഫോട്ടോഗ്രാഫറായ ഡാനിഷ് കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.
അഫ്ഗാൻ സേനയും താലിബാനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശമാണ് സ്പിൻ ബൊൽദാക്. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് താലിബാൻ ആക്രമണം തുടരുകയാണ്. 2018 ൽ റോഹിഗ്യൻ അഭയാർത്ഥികളുടെ ദുരിതം പകർത്തിയ റിപ്പോർട്ടുകൾക്കാണ് ഡാനിഷിന് പുലിറ്റ്സർ അവാർഡ് ലഭിക്കുന്നത്.
റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ മൾട്ടിമീഡിയ ടീമിന്റെ നേതൃത്വം ഡാനിഷിനായിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം, രണ്ടാം കൊവിഡ് തരംഗത്തിന്റെയും ചിത്രങ്ങൾ എന്നിവ ശ്രദ്ധേയമാണ്. രണ്ടാം കൊവിഡ് തരംഗത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ചിതകൾ കൂട്ടത്തോടെ എരിയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.