കൊൽക്കത്ത: കോവിഡ് ഭീഷണി നിലനിൽക്കുമ്പോഴും ഇംഗ്ലണ്ടിലേക്ക് കൂടുതൽ താരങ്ങളെ അയക്കുന്നില്ലെന്ന് ബിസിസിഐ. മൂന്ന് ആഴ്ചത്തെ അവധിക്ക് ശേഷം തിരികെ ബയോ ബബിളിൽ പ്രവേശിച്ച ഇന്ത്യൻ ടീമിൽ ഇപ്പോൾ ഒരു വിക്കറ്റ് കീപ്പർ ഇല്ല.
ജൂലൈ എട്ടിന് കോവിഡ് പോസിറ്റീവ് ആയ റിഷഭ് പന്ത് ക്വാറന്റൈനിലും പോസിറ്റിവ് ആയ ട്രെയിനിങ് അസിസ്റ്റന്റ് ദയാനന്ദ് ഗറാണിയുമായി അടുത്ത സമ്പർക്കത്തിൽ വന്നതിനാൽ വൃദ്ധിമാൻ സാഹ ഐസൊലേഷനിലുമാണ്. ബുധനാഴ്ചയാണ് ഗറാണിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ലണ്ടനിലെ ടീം ഹോട്ടലിൽ ക്വാറന്റൈനിലാണ് അദ്ദേഹം.
എന്നാൽ നിലവിൽ ടീമിലേക്ക് കൂടുതൽ താരങ്ങളെ ഉൾപ്പെടുത്തേണ്ട ആവശ്യമില്ല എന്നാണ് ബിസിസിഐ കരുതുന്നത്. പന്തിന് രോഗലക്ഷണങ്ങൾ ഇല്ലെന്നതും പന്തിന്റെ ക്വാറന്റൈൻ ഉടൻ അവസാനിക്കും എന്നതുമാണ് കാരണം. അധിക താരങ്ങളെ ഇംഗ്ലണ്ടിലേക്ക് അയക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്ന മറുപടിയാണ് ഒരു ബിസിസിഐ വക്താവിൽ നിന്നും ഇന്ത്യൻ എക്സ്പ്രസിന് ലഭിച്ചത്.
കോവിഡ് സാഹചര്യത്തിൽ ഇംഗ്ലണ്ടിന് എതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരക്ക് ഇന്ത്യ 20 അംഗ സംഘത്തെയാണ് അയച്ചിരിക്കുന്നത്. കോവിഡ് കേസുകൾ വർധിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ഇപ്പോഴും യൂകെ യുടെ റെഡ് ലിസ്റ്റിൽ വരുന്ന രാജ്യമാണ്. ഇന്ത്യയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കർശനമായ യാത്ര നിയന്ത്രണങ്ങളും സുരക്ഷാ പ്രോട്ടോകോളുകളും നിലനിൽക്കുന്നുണ്ട്. അതിനാൽ, 20 അംഗ സംഘത്തോടൊപ്പം കൂടുതലായി നാല് കളിക്കാരെ കൂടി ബിസിസിഐ അയച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ പകരക്കാരായി ഇവരെയാണ് ഇറക്കുക.
കഴിഞ്ഞ ഓസ്‌ട്രേലിയൻ പരമ്പരയിലും ഇന്ത്യ വലിയ ടീമിനെയാണ് അയച്ചത്. ടീമിലെ പ്രധാന ബോളർമാരെ പരുക്ക് പിടികൂടിയപ്പോൾ ശാർദൂൽ താക്കൂർ, വാഷിങ്ങ്ടൺ സുന്ദർ, ടി നടരാജൻ എന്നിവർക്ക് ടീമിൽ അവസരം ലഭിച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പരകളിൽ ഒന്നായാണ് പരമ്പര അവസാനിച്ചത്.
Read Also: അദ്ദേഹത്തിൽ നിന്ന് പരിശീലനം നേടാൻ കഴിഞ്ഞത് ഭാഗ്യം: ദ്രാവിഡിനെക്കുറിച്ച് സഞ്ജു
യുകെയിൽ ഇപ്പോൾ കോവിഡിന്റെ ഡെൽറ്റ വകഭേദം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. കുടുംബവുമായി ഇംഗ്ലണ്ടിലേക്ക് എത്തിയ ഇന്ത്യൻ ടീം അംഗങ്ങൾ എല്ലാവരും രണ്ടു ഡോസ് വാക്സിനുകളും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മൂന്ന് ആഴ്ചത്തെ അവധി സമയങ്ങളിൽ താരങ്ങൾ ആളുകൾ കൂട്ടം കൂടുന്ന സ്ഥലങ്ങൾ സന്ദർശിച്ചു എന്നതാണ് ആശങ്കയാകുന്നത്. റിഷഭ് പന്തും ജസ്പ്രീത് ബുമ്രയും യൂറോ കപ്പ് മത്സരങ്ങൾ കാണാൻ പോയിരുന്നു. മുഖ്യ പരിശീലകനായ രവി ശാസ്ത്രി വിമ്പിൾഡൺ മത്സരം കാണാനും പോയിരുന്നു.
“അവധി സമയത്ത് ടീം ഹോട്ടലിൽ ഇല്ലായിരുന്ന പന്ത് ജൂലൈ 8നാണ് പോസിറ്റീവ് ആയത്. രോഗ ലക്ഷണങ്ങൾ ഇല്ലാത്ത അദ്ദേഹം നിലവിൽ ഐസൊലേഷനിൽ ആണ്. ബിസിസിഐയുടെ മെഡിക്കൽ ടീം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. രണ്ടു ആർടി-പിസിആർ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയാൽ അദ്ദേഹം ദർഹാമിൽ ടീമിനൊപ്പം ചേരും” ബിസിസിഐ ഔദ്യോഗിക പത്രക്കുറിപ്പിൽ പറഞ്ഞു.
സഹാക്ക് പുറമെ, ഗറാണിയുമായി അടുത്ത സമ്പർക്കത്തിൽ വന്ന ബോളിങ് പരിശീലകനായ ഭാരത് അരുൺ, സ്റ്റാൻഡ്ബൈ ഓപ്പണറായെത്തിയ അഭിമന്യു ഈശ്വരൻ എന്നിവരും ലണ്ടനിലെ ടീം ഹോട്ടലിൽ പത്തു ദിവസത്തെ ഐസൊലേഷനിൽ ആണ്. ടീമിൽ ഓപ്പണറായി ഉൾപ്പെടുത്തിയിരിക്കുന്ന ശുഭമാൻ ഗിൽ കാലിനു പരുക്കേറ്റ് കഴിയുന്ന സാഹചര്യത്തിൽ അഭിമന്യു ഈശ്വരനെ ടീമിലേക്ക് ഉൾപെടുത്താൻ സാധ്യതയുണ്ട്. എന്നാൽ ഗിലിനെ ടീമിൽ നിന്നും ഒഴുവാക്കിയിട്ടില്ല.
അഭിമന്യു ഈശ്വരന്റെ കാര്യത്തിൽ ടീം മാനേജ്‍മെന്റും സെലക്ടർമാരുമാണ് തീരുമാനം എടുക്കേണ്ടത് എന്നാണ് ബിസിസിഐ പറഞ്ഞത്.ജൂൺ 23ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് അവസാനിച്ച ശേഷം ബയോ ബബിളിൽ നിന്നും പുറത്തുകടക്കാൻ ബിസിസിഐ താരങ്ങൾക്ക് അനുമതി നൽകിയിരുന്നു.
The post ഇംഗ്ലണ്ട് പര്യടനം: കൂടുതൽ കളിക്കാരെ അയക്കുന്നില്ലെന്ന് ബിസിസിഐ appeared first on Indian Express Malayalam.