തിരുവനന്തപുരം
പണി പൂർത്തിയായ റോഡുകൾ വിവിധ ആവശ്യങ്ങൾക്കായി വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ വകുപ്പുകളുടെ ഏകോപനത്തിന് വെബ്പോർട്ടൽ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു വിവിധ റോഡുകളുടെ പുനർനിർമാണത്തിന്റെ തുടക്കവും പൂർത്തിയായവയുടെ ഉദ്ഘാടനവും ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിർമാണം പൂർത്തിയായ റോഡുകൾ വെട്ടിപ്പൊളിക്കുന്നതിലൂടെ വർഷംതോറും 3000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. പ്രശ്നപരിഹാരത്തിന് മുൻ സർക്കാർതന്നെ തുടക്കംകുറിച്ചിരുന്നു. ജനജീവിതവുമായി അടുത്ത് ഇടപഴകുന്ന വകുപ്പാണ് പൊതുമരാമത്ത്. ജനം കാഴ്ചക്കാരല്ല, കാവൽക്കാരാണ് എന്നതാണ് പൊതുമരാമത്ത് വകുപ്പിന്റെ നയമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. മന്ത്രിമാരായ വി എൻ വാസവൻ, വീണാ ജോർജ്, എംപിമാർ, എംഎൽഎമാർ, തദ്ദേശ ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.