ന്യൂഡൽഹി
രാജ്യദ്രോഹമെന്ന കൊളോണിയൽ നിയമത്തിന്റെ ആവശ്യമുണ്ടോയെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചതിന് പിന്നാലെ ഹരിയാനയിൽ നൂറിലേറെ കർഷകർക്കെതിരെ രാജ്യദ്രോഹ കേസെടുത്ത് സംസ്ഥാന ബിജെപി സർക്കാർ. സിർസയിൽ ബിജെപി നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ രൺബീർ ഗാങ്വയെ തടഞ്ഞതിനാണ് കർഷകർക്കെതിരെ രാജ്യദ്രോഹത്തിനും വധശ്രമത്തിനും കേസെടുത്തത്.
കർഷക നേതാക്കളായ ഹർചരൺ സിങ്, പ്രഹ്ലാദ് സിങ് എന്നിവരും രാജ്യദ്രോഹ കേസിലുൾപ്പെട്ടവരിലുണ്ട്. ഹരിയാനയിൽ ഭരണമുന്നണിയായ ബിജെപി–- ജെജെപി പാർടി നേതാക്കളുടെ പൊതുപരിപാടികൾ തടയാനും ബഹിഷ്കരിക്കാനും കർഷകസംഘടന തീരുമാനിച്ചിരുന്നു. രണ്ടുമാസമായി കർഷകരോഷത്താൽ മുഖ്യമന്ത്രിയടക്കമുള്ള ബിജെപി നേതാക്കൾക്ക് പൊതുപരിപാടികളിൽ പങ്കെടുക്കാനായില്ല. ഇതോടെയാണ് രാജ്യദ്രോഹം പോലുള്ള കേസുകൾ ചുമത്തി ഭയപ്പെടുത്താനുള്ള നീക്കം. പരിധിവിടുന്നത് ആർക്കും നന്നല്ലെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കർഷകരെ ഭീഷണിപ്പെടുത്തിയിരുന്നു.
രാജ്യദ്രോഹ കേസെടുത്ത ബിജെപി സർക്കാർ നടപടിയെ സംയുക്ത കിസാൻമോർച്ച ശക്തമായി അപലപിച്ചു. ഹരിയാന സർക്കാർ പൂർണമായും കർഷകവിരുദ്ധമായി. കേസുകൾ വ്യാജവും കെട്ടിച്ചമച്ചതുമാണ്. കോടതിയിൽ നേരിടും. ബിജെപി–- ജെജെപി നേതാക്കൾക്കെതിരായ പ്രതിഷേധം തുടരും–- കിസാൻമോർച്ച അറിയിച്ചു.