തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവം നടന്നതിൽ പരാതിയുമായി കുടുംബം. ചികിത്സാ പിഴവ് ആരോപിച്ച് ആരോഗ്യമന്ത്രിക്കും ഡിഎംഓയ്ക്കും കുടുബം പരാതി നൽകി.
കുഞ്ഞിന് അണുബാധ രൂക്ഷമായതോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. ചികിത്സയ്ക്ക് പണമില്ലാതെ കുടുംബം ബുദ്ധിമുട്ടുകയാണ്. ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് കുട്ടിയുടെ പിതാവ് പ്രവീൺ പറഞ്ഞു.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ചയാണ് യുവതിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഞായറാഴ്ച ഡോക്ടർ ഉണ്ടായിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടതനുസരിച്ച് ആശുപത്രിയിൽ ചികിത്സ തുടർന്നു. എന്നാൽ വേണ്ടവിധത്തിലുള്ള പരിചരണം പെൺകുട്ടിക്ക് ലഭിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
പ്രസവവേദനയുണ്ടെന്ന വിവരം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും വേദന മാറുന്നതിനുള്ള ഇഞ്ചക്ഷനാണ് നൽകിയത്. മറ്റ് നടപടി ക്രമങ്ങളൊന്നും ആശുപത്രി അധികൃതർ സ്വീകരിച്ചില്ല. ശുചിമുറിയിൽ കയറിയ യുവതി കുഞ്ഞിന്റെ തല പുറത്തേക്ക് കണ്ടപ്പോൾ ബഹളം വെച്ചു. ശബ്ദം കേട്ടെത്തിയപ്പോഴാണ് നേഴ്സുമാരുൾപ്പെടെയുള്ളവർ ചേർന്ന് കുട്ടിയെ പുറത്തെടുത്തത്. അണുബാധയെ തുടർന്ന് കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അണുബാധ രൂക്ഷമായതോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.
അതേസമയം സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് കുന്നംകുളം ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. തൃശൂർ ഡിഎംഒ അന്വേഷണം ആരംഭിച്ചു.