കോഴിക്കോട്: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ കോഴിക്കോട്ടെ മഹിളാ മാളിലെ സംരംഭകരെ സംരക്ഷിക്കാൻ കോർപ്പറേഷന്റെ ഇടപെടൽ.അവരുമായി കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ചർച്ച നടത്തി. പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സംരംഭകർ മുന്നോട്ട് വെച്ചത്. സംരംഭകരുടെ പ്രശ്നം കേട്ട മേയർ പരിഹാര മാർഗങ്ങൾ എങ്ങനെ നടപ്പാക്കാനാവുമെന്ന്കൂട്ടായി ആലോചിക്കുമെന്ന് അറിയിച്ചു.
ഉദ്യോഗസ്ഥ വാഗ്ദാനത്തിൽ പെട്ടുപോയി ലക്ഷങ്ങൾനിക്ഷേപിച്ച്ഒടുവിൽ പെട്ടന്ന് തന്നെ മാൾ അടച്ചുപൂട്ടിയതോടെ വനിതകളായ സംരംഭകർ കടക്കെണിയിലായത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മാതൃഭൂമിഡോട്ട്കോം റിപ്പോർട്ടേഴ്സ് ഡയറി ചർച്ച ചെയ്തിരുന്നു. തുടർന്നാണ് ഇടപെടൽ. ഏഷ്യയിലെ ആദ്യത്തെ വനിതാ മാളെന്ന് പ്രഖ്യാപിച്ച് കുടുംബശ്രീ ആരംഭിച്ച മാളാണ് സാമ്പത്തിക പ്രതിസന്ധിമൂലം മാസങ്ങൾക്കുള്ളിൽ തന്നെ അടച്ചുപൂട്ടിയത്.
2018 നവംബറിലാണ് വനിതാമാൾ തുറന്നത്. ഏതാനും മാസങ്ങൾ മാത്രം പ്രവർത്തിച്ച ശേഷം നടത്തിപ്പിലെ പരാജയം കാരണം പൂട്ടു വീഴുകയായിരുന്നു. ഇതോടെ ലക്ഷങ്ങൾ മുടക്കി കച്ചവടത്തിനിറങ്ങിയ സ്ത്രീകൾ കടക്കെണിയിലാവുകയും ചെയ്തു.
കുടുംബശ്രീ യൂണിറ്റി ഗ്രൂപ്പാണ് കെട്ടിടം വാടകയ്ക്കെടുത്ത് വിവിധ വനിതാ സംരംഭകർക്ക് വ്യാപാരത്തിന് സൗകര്യം ഒരുക്കിയത്. പ്രതീക്ഷിച്ച വ്യാപാരം നടക്കാതെ വന്നതോടെ വാടക മുടങ്ങുകയായിരുന്നു.
നടത്തിപ്പുകാരായ യൂണിറ്റി ഗ്രൂപ്പും സംരംഭകരായ സ്ത്രീകളും രണ്ടായി പിരിഞ്ഞതോടെ സംരഭകർ നിയമ പോരാട്ടത്തിനിറങ്ങിയിരുന്നു. മാൾ അടച്ചുപൂട്ടിയതോടെ ലക്ഷങ്ങൾ വിലവരുന്ന സാധനങ്ങൾഅതിനുള്ളിൽ കിടന്ന് നശിച്ച് പോയി, പല സാധനങ്ങളും സംരംഭകരുടെ വീട്ടകങ്ങളിലും കൂട്ടിയിട്ടു. വൈകിയാണെങ്കിലും കോർപ്പറേഷന്റെ പുതിയ നീക്കം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സംരംഭകർ