കൊച്ചി: വ്യവസായികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഐ എ എസ് ഉദ്യോഗസ്ഥർക്ക് ചുമതല. മേഖല അടിസ്ഥാനത്തിൽ തിരിച്ച് നാല് ഐ എ എസ് ഉദ്യോഗസ്ഥർക്കാണ് ചുമതല നൽകുക. അതേസമയം വ്യവസായ സ്ഥാപനങ്ങൾക്ക് കേന്ദ്രീകൃത പരിശോധന നടത്തുമെന്നും 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.മീറ്റ് ദ മിനിസ്റ്റർ പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ജില്ലയിൽ 44 വ്യവസായികൾ പരാതിയുമായി എത്തിയിട്ടുണ്ട്. പരാതികൾക്ക് ഉടനടി പരിഹാരം കണ്ടെത്തുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഏകജാലക സംവിധാനത്തിലൂടെ വ്യവസായങ്ങളെ കൊണ്ട് പോകുക എന്ന ഉദ്ദേശത്തോടെയാണ് വ്യവസായ വകുപ്പ് മന്ത്രി തന്നെ മീറ്റ് ദ മിനിസ്റ്റേഴ്സ് എന്ന പരിപാടിയിലൂടെ സംരംഭകരെ നേരിട്ട് കണ്ട് പരാതികൾ കേൾക്കുന്നത്. ഓൺ ലൈനിൽ മുൻകൂർ പരാതികൾ നൽകിയവർക്ക് മന്ത്രിയെ നേരിൽ കാണുന്നതിനായി സമയം നിശ്ചയിച്ച് നൽകിയിട്ടുണ്ട്.
രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് മന്ത്രി കുസാറ്റിൽ നടക്കുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ പങ്കെടുക്കുന്നത്. വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേൾക്കുന്നതിനായി മന്ത്രി പി.രാജീവ് എല്ലാ ജില്ലകളിലും മീറ്റ് ദ മിനിസ്റ്റർ പരിപാടി സംഘടിപ്പിക്കും.
Content Highlights:Task for IAS officers to solve problems of industrialists says P Rajeev