നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് പുറമെ സുരേന്ദ്രന്‍റെ മറുപടിയുടെ അടിസ്ഥാനത്തിൽ അനുബന്ധ ചോദ്യങ്ങളും അന്വേഷണസംഘം തത്സമയം തയ്യാറാക്കിയിരുന്നു. ആകെ 108 ചോദ്യങ്ങളാണ് ഉണ്ടായിരുന്നതെങ്കിലും ഇതിൽ 38 എണ്ണമായിരുന്നു പ്രധാനപ്പെട്ടവ.
Also Read :
പണം കവർച്ച ചെയ്യപ്പെട്ട കേസിലെ പരാതിക്കാരനായ ധർമരാജനെ അറിയാമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ധർമരാജനെ പാർട്ടി പ്രചാരണത്തിനിടെ കണ്ടിട്ടുണ്ടെന്നും അപ്രകാരം പരിചയമുണ്ടെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞതെന്നാണ് മാതൃഭൂമി റിപ്പോർട്ട്. ചില ചോദ്യങ്ങളോട് അറിയില്ലെന്നായിരുന്നു സുരേന്ദ്രൻ പ്രതികരിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൊടകരയിൽ പിടികൂടിയ പണവുമായി പാർട്ടിക്കോ തനിക്കോ ബന്ധമില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്‍റെ അറിവോടെ പാർട്ടി തൃശൂരിലേക്ക് പണമെത്തിച്ചിട്ടില്ല. പിടികൂടിയ പണവുമായി പാർട്ടിയുടെ പ്രവർത്തകർക്കോ നേതാക്കൾക്കോ പങ്കുണ്ടോ എന്നറിയില്ല. പങ്കുണ്ടാകാനിടയില്ലെന്നും അദ്ദേഹം മറുപടി നൽകി.
അതേസമയം കൊടകര കുഴൽപണക്കേസും അതിൽ ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നതും രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമാണെന്നാണ് ചോദ്യം ചെയ്യലിന് ശേഷം ആരോപിച്ചത്. പോലീസ് നടത്തുന്നത് രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താനുള്ള അന്വേഷണമാണെന്നും അദ്ദേഹം പറഞ്ഞു.