തിരുവനന്തപുരം
സംസ്ഥാനത്ത് എഫ്എംസിജി പാർക്ക് സ്ഥാപിക്കാൻ സാധ്യത തേടി വ്യവസായ വകുപ്പ്. എഫ്എംസിജി (ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ്) ഉൽപ്പന്നങ്ങളുടെ വിപണി സാധ്യത കണക്കിലെടുത്താണിത്.
പാർക്കിന്റെ സാധ്യത ചർച്ച ചെയ്യാൻ വ്യവസായ വാണിജ്യ സംഘടനയായ ഫിക്കി പ്രതിനിധികളെ വ്യവസായ മന്ത്രി പി രാജീവ് ക്ഷണിച്ചു. എഫ്എംസിജി ഉൽപ്പന്നങ്ങൾക്ക് സംസ്ഥാനത്തുള്ള സാധ്യത ഉപയോഗപ്പെടുത്തണമെന്ന് ഫിക്കി കർണാടക ഘടകം ചെയർമാനും ജ്യോതി ലബോറട്ടറീസ് ജോയിന്റ് മാനേജിങ് ഡയറക്ടറുമായ കെ ഉല്ലാസ് കമ്മത്താണ് നിർദേശം സമർപ്പിച്ചത്. ഇതിന്റ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ചയ്ക്ക് മന്ത്രി ക്ഷണിച്ചത്. പദ്ധതിയുടെ കരട് സാധ്യതാ റിപ്പോർട്ട് വ്യവസായ വകുപ്പ് തയ്യാറാക്കും. വിപണി സാധ്യതാ പഠനം ഉടൻ നടത്തുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
എഫ്എംസിജി ഉൽപ്പന്നങ്ങൾ
വേഗത്തിൽ വിറ്റുതീരുന്നതും താരതമ്യേന വില കുറഞ്ഞതുമായ ഉൽപ്പന്നങ്ങളാണ് എഫ്എംസിജി (ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ്). പാക്കേജ്ഡ് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്സ്, പാൽ–- ഇറച്ചി ഉൽപ്പന്നങ്ങൾ, മിഠായി, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയവയാണ് ഇക്കൂട്ടത്തിലുള്ളത്.