തിരുവനന്തപുരം
കൊടകര കുഴൽപ്പണകേസിൽ ഒടുവിൽ പൊലീസ് ചോദ്യം ചെയ്യലിന് ഹാജരായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാർടിക്കും മുന്നണിക്കും നാണക്കേടുണ്ടാക്കിയതായി പൊതുവികാരം. പാർടിയിലെ പ്രബലരായ വി മുരളീധരൻ–-കെ സുരേന്ദ്രൻ വിരുദ്ധപക്ഷ നേതാക്കളെല്ലാം പ്രതിഛായ നഷ്ടപ്പെട്ടെന്ന വിലയിരുത്തലിലാണ്. ബിഡിജെഎസും സുരേന്ദ്രനെതിരാണ്. അധ്യക്ഷനായി ഇനിയും തുടരുന്നത് നിലവിലുള്ള ശക്തിയും ക്ഷയിക്കാനേ ഇടയാക്കുവെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
ഇന്ത്യ ഭരിക്കുന്ന പാർടിയുടെ സംസ്ഥാന അധ്യക്ഷൻ ബുധനാഴ്ച പൊലീസിനു മുമ്പാകെ കുറ്റവാളിയെന്ന ആരോപണവും പേറി ഹാജരായിട്ടും പാർടിയിൽനിന്ന് പ്രതികരണമുണ്ടായില്ല. സമൂഹമാധ്യമങ്ങളിലും ചലനമുണ്ടായില്ല. സ്വന്തം ഗ്രൂപ്പുകാരെ പോലും അണിനിരത്താൻ സുരേന്ദ്രൻ പാടുപെടുന്നതാണ് കണ്ടത്. ചോദ്യംചെയ്യലിനുശേഷം പുറത്തേക്ക് വരുമ്പോൾ നാടകീയ രംഗങ്ങൾക്ക് പദ്ധതിയിട്ടിരുന്നെങ്കിലും ആളില്ലാത്തതിനാൽ ഉപേക്ഷിച്ചു. അമ്പതോളം പേർ മുദ്രാവാക്യം വിളിച്ചതും ‘വഴിപാടാ’യി.
തെല്ലും അടിസ്ഥാനമില്ലാതെ മറ്റു പാർടി നേതാക്കളെയും കുടുംബത്തെയും ആക്ഷേപിച്ചു നടന്നയാൾ ചോദ്യംചെയ്യലിന് ഹാജരാകേണ്ടിവന്നത് ഗതികേടും വിരോധാഭാസവുമാണെന്ന് കൃഷ്ണദാസ് പക്ഷത്തെ നേതാവ് പറഞ്ഞു. കുഴലിനു പിന്നാലെ സി കെ ജാനു, സുന്ദര കേസുകളിലും സുരേന്ദ്രൻ ഹാജരാകേണ്ടിവരും. സുരേന്ദ്രനെ പോലുള്ളവരുടെ നേതൃത്വം തുടർന്നാൽ പോസ്റ്റർ ഒട്ടിക്കാൻ പോലും ആളെ കിട്ടില്ലെന്നും ഭാവിയെക്കുറിച്ച് ഉടൻ പ്രഖ്യാപിക്കുമെന്നും ബിഡിജെഎസ് നേതാവ് പറഞ്ഞു.