കൊച്ചി> ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യഹർജി തള്ളി.
ഹർജിക്കാരന് കോടതി 10,000 രൂപ പിഴയും ചുമത്തി. അഴിമതി വിരുദ്ധ മനുഷ്യാവകാശ കൗൺസിൽ പ്രസിഡന്റ് ഐസക് വറുഗീസിനാണ് പിഴ ചുമത്തിയത്. തുക ഒരു മാസത്തിനകം ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണം. ഹർജിയിൽ ഉന്നയിച്ച കാര്യങ്ങൾ വസ്തുതാപരമല്ലെന്നും കേസിനെപ്പറ്റി ഒന്നും അറിയാതെയാണ് ഹർജി നൽകിയതെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഹർജിക്കാരൻ പ്രശസ്തി മാത്രം ആഗ്രഹിച്ചാണ് ഹർജി നൽകിയത്. ഹർജി വിലപ്പെട്ട സമയം കളയുന്നതാണെന്നും കോടതി വിലയിരുത്തി.