റാമല്ല
ഇസ്രയേൽ തടവിലിട്ടിരിക്കുന്ന പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ (പിഎഫ്എൽപി) നേതാവ് ഖാലീദ ജറാറിനെ മകളുടെ കബറടക്കത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ആവശ്യം സയണിസ്റ്റ് വംശീയ ഭരണകൂടം തള്ളി. ഞായറാഴ്ചയാണ് ഖാലീദയുടെ മകൾ, ലിംഗനീതി–-പരിസ്ഥിതി പ്രവർത്തകയായ സുഹ (30)യെ റമല്ലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മാനുഷിക പരിഗണന നൽകി ഖാലീദ ജറാറിനെ കബറടക്കത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് മനുഷ്യാവകാശ സംഘടനകളും പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ക്യാമ്പയിനും ആരംഭിച്ചു. ഇസ്രയേൽ ഭീകരസംഘടനയായി മുദ്രകുത്തിയ ഇടതുപക്ഷ സംഘടനയാണ് പിഎഫ്എൽപി. അതിൽ പ്രവർത്തിക്കുന്നതിന് 2015ലാണ് ഖാലീദ ജറാറിനെ തടവിലാക്കിയത്. ഇതിനിടെ ഇസ്രയേലിന്റെ കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും അവസാനിപ്പിക്കാൻ ഇടപെടണമെന്ന് പലസ്തീൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.