കിറ്റക്സ് നയിച്ച ട്വന്റി-ട്വന്റി ആണ് എറണാകുളം ജില്ലയിലെ നാല് സിപിഎം എംഎൽഎമാരെ ജയിക്കാൻ സഹായിച്ചതെന്ന കാര്യം രഹസ്യമല്ല. ആ നന്ദി കാണിക്കാതെ കിറ്റക്സ് ഗ്രൂപ്പിനെ തള്ളിപ്പറഞ്ഞത് മിതമായ ഭാഷയിൽ ശരിയായില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നാട്ടുകാരും കിറ്റക്സും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് കിറ്റക്സ് മാറുകയാണെന്ന് വ്യക്തമാക്കി. എന്നാൽ കിറ്റക്സിനെ സംസ്ഥാനത്ത് നിലനിര്‍ത്താൻ നടപടി സ്വീകരിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്‍ദ്ദേശം.
പ്രശ്നങ്ങൾ പരിഹരിക്കാൻ എറണാകുളത്തെ മന്ത്രിയെന്ന നിലയിൽ തനിക്കായിരുന്നു ചുമതല. പിന്നീട് ജനപ്രതിനിധികൾ, ജില്ലാ കളക്ടര്‍, പരിസ്ഥിതി വിദഗ്ദര്‍ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേര്‍ന്ന് സമവായം കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് കിറ്റക്സിനെ നിലനിര്‍ത്തിയതെന്നും ബാബു പറഞ്ഞു.
കിറ്റക്സിനെതിരെ നടപടിയെടുക്കണമെന്നു കാട്ടി നാല് കോൺഗ്രസ് എംഎൽഎമാരും എംപിയും പരാതി നൽകിയെന്നാണ് പ്രചാരണം. എന്നാൽ കിറ്റക്സ് നിയമപരമായി പ്രവര്‍ത്തിക്കണം എന്നു ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. എന്നാൽ കമ്പനി പൂട്ടിക്കണമെന്നോ തൊഴിൽ ഇല്ലാതാക്കണമെന്നോ പറഞ്ഞിട്ടില്ല. എന്നാൽ കിറ്റക്സുമായി ചര്‍ച്ച ചെയ്ത് യോജിപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ലെന്ന് ബാബു കുറ്റപ്പെടുത്തി.
കിറ്റക്സ് മാനേജ്മെന്റിന്റെ കുടുംബവുമായി ഏറെ അടുപ്പമുള്ള മുഖ്യമന്ത്രി ഇടപെടാതെ നിസംഗമായി തുടരുന്നത് സംശയിക്കണം. കേരളത്തിൽ നിക്ഷേപത്തിനുള്ള സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇപ്പോൾത്തന്നെ നിക്ഷേ സൗഹൃദത്തിന്റെ കാര്യത്തിൽ കേരളത്തിന് ഇരുപത്തിയെട്ടാം സ്ഥാനമാണുള്ളത്. ഇപ്പോഴത്തെ നിലപാട് പിന്നോട്ടടിക്കുമെന്ന് സംശയമില്ലെന്നും ബാബു പറഞ്ഞു.
തെലങ്കാന സംസ്ഥാനത്തിന്റെ ബ്രാന്റ് അംബാസിഡറെപ്പോലെ സംസാരിക്കുന്ന കിറ്റക്സ് സിഎംഡി കേരളത്തിലാണ് കിറ്റക്സ് വളര്‍ന്നു വലുതായതെന്ന കാര്യം മറക്കുന്നതുപോലെ തോന്നുന്നുവെന്നും ബാബു കുറ്റപ്പെടുത്തി.