കൊച്ചി > ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മകൾ നിമിഷയെ കുഞ്ഞിനൊപ്പം നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു. നിമിഷയുടെ മാതാവ് തിരുവനന്തപുരം മണക്കാട് സ്വദേശി ബിന്ദു സമ്പത്താണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളെ എതിർകക്ഷികളാക്കി ഹർജി സമർപ്പിച്ചിരുന്നത്. ഹേബിയസ് കോർപസ് ഹർജിയിലൂടെയല്ല നിവൃത്തിതേടേണ്ടതെന്നും സിംഗിൾ ബെഞ്ചിനെ സമീപിക്കാനും കോടതി നിർദേശിച്ചതോടെയാണ് ഹർജി പിൻവലിച്ചത്.
ഭർത്താവിനൊപ്പം ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന നിമിഷ, ഭർത്താവ് കൊല്ലപ്പെട്ടതോടെ അഫ്ഗാൻ പൊലീസിന് കീഴടങ്ങി ജയിലിലാണെന്നും നാട്ടിലെത്തിക്കണമെന്നുമാണ് ആവശ്യം. മകളെയും കുഞ്ഞിനെയും നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും ദേശീയ മനുഷ്യാവകാശ കമീഷനെയും ബാലാവകാശ കമീഷനെയും സമീപിച്ചിട്ടും നടപടിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.