കൊവിഡ് 19 മഹാമാരി തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് ഇടമലക്കുടിയിൽ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യുന്നത്. 40 വയസുള്ള സ്ത്രീയ്ക്കും 24 വയസുള്ള മകനുമാണ് രോഗം ബാധിച്ചത്. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനൊപ്പം രണ്ടാഴ്ച മുൻപ് വ്ലോഗര്‍ സുജിത് ഭക്തൻ ഇടമലക്കുടി സന്ദര്‍ശിച്ചിരുന്നു. കൊവിഡ് സാഹചര്യത്തിൽ പ്രത്യേക സംരക്ഷിത മേഖലയായി സര്‍ക്കാര്‍ പരിഗണിക്കുന്ന ഇടമലക്കുടിയിലേയ്ക്കുള്ള സംഘത്തിൻ്റെ യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നില്ലെന്നാണ് ആരോപണം. ആരോഗ്യവകുപ്പ് സംഭവത്തിൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മാതൃഭൂമി ന്യൂസിനോടായിരുന്നു സുജിത് ഭക്തൻ്റെ പ്രതികരണം.
Also Read:
ഇടമലക്കുടിയിൽ പോയി വന്ന തങ്ങളുടെ സംഘത്തിലെ ആര്‍ക്കും കൊവിഡ് ബാധിച്ചിരുന്നില്ലെന്ന് സുജിത് ഭക്തൻ പറഞ്ഞു. യാത്രയ്ക്ക് മുൻപും ശേഷവും ആര്‍ടി പിസിആര്‍ പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവായിരുന്നു. തങ്ങള്‍ക്കു പുറമെ പലരും ഇടമലക്കുടിയിലേയ്ക്ക് വരുന്നുണ്ട്. സാധനങ്ങള്‍ കൊണ്ടുവരാനും മറ്റും നിരവധി പേര് വരുന്നുണ്ട്. ഇതിൻ്റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. എന്നാൽ സുജിത് ഭക്തനും ഡീൻ കുര്യാക്കോസും പോയത് ആ വീഡിയോ പുറത്തെത്തിയതു കൊണ്ട് മാത്രമാണ് എല്ലാവരും അറിഞ്ഞതെന്നും സുജിത് ചാനലിനോടു പറഞ്ഞു.
Also Read:
ഒരു വ്ലോഗര്‍ എന്ന നിലയിൽ മാത്രമല്ല, സ്വതന്ത്ര മാധ്യമപ്രവര്ത്തകൻ എന്ന നിലയിലാണ് താൻ ഇടമലക്കുടിയിൽ പോയത്. മാധ്യമങ്ങള്‍ക്ക് ഉള്ളതുപോലെ തനിക്കും സാമ്പത്തിക താത്പര്യങ്ങളുണ്ട്. എന്നാൽ തങ്ങളാരും ഇടമലക്കുടിയിൽ കൊവിഡ് കൊടുത്തിട്ടില്ലെന്നും അങ്ങനെ ആരോപിക്കുന്നതു ശരിയല്ലെന്നും സുജിത് ഭക്തൻ പറഞ്ഞു.
തന്നെ സ്ഥലം എംപി ക്ഷണിച്ചിട്ടാണ് ഒപ്പം പോയതെന്ന് ആവര്‍ത്തിച്ച സുജിത് ഭക്തൻ അന്വേഷണത്തിൻ്റെ ഭാഗമായി ആരോഗ്യവകുപ്പിൽ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.