കോട്ടയം: കേരള കോൺഗ്രസ് എമ്മിൽ ലെവി നൽകേണ്ടിവരുക ജനപ്രതിനിധികൾ. പഞ്ചായത്തംഗം മുതൽ എം.പി. വരെയുള്ള ജനപ്രതിനിധികൾ അവരുടെ ഒരുമാസത്തെ വരുമാനം കേരള കോൺഗ്രസ് എം ഫണ്ടിലേക്ക് നൽകേണ്ടിവരും. ലെവി ഈടാക്കാൻ സംഘടനാപരിഷ്കാരത്തിൽ നിർദേശിച്ചിരുന്നെങ്കിലും എല്ലാ അംഗങ്ങളിൽനിന്നും വേണോ എന്നതിൽ ആശയക്കുഴപ്പമുണ്ടായി. സംഘടനാപരിഷ്കരണം പഠിക്കുന്ന സമിതി ഇക്കാര്യത്തിൽ അന്തിമനിർദേശം നൽകും. ആദ്യഘട്ടത്തിൽ ജനപ്രതിനിധികൾക്ക് മാത്രമേ ലെവി ഉണ്ടാകൂ. പിന്നീട് വേണ്ടിവന്നാൽ മാറ്റം വരുത്തും.
കമ്മിറ്റികളുടെ അഴിച്ചുപണിയാണ് മറ്റൊന്ന്. മേലിൽ സ്റ്റിയറിങ് കമ്മിറ്റി മാത്രമേ ഉണ്ടാകൂ. പിളരും മുമ്പ് അതിലെ അംഗങ്ങൾ 111 ആയിരുന്നു. നിലവിൽ 62 പേരുണ്ട്. ഇതിന്റെ അംഗസഖ്യ 30 ആക്കിയേക്കും.
ഹൈപ്പവർ കമ്മിറ്റി വേണ്ടെന്നുവെയ്ക്കാനും നീക്കമുണ്ട്. 29 പേരായിരുന്നു ഇതിലുണ്ടായിരുന്നത്. മണ്ഡലംതല കമ്മിറ്റിയംഗങ്ങളുടെയും എണ്ണം കുറയ്ക്കും. പ്രവാസികളും ഉൾപ്പെടുന്ന അനുഭാവിസംഘം ഉണ്ടാക്കാൻ ഓൺലൈൻ അംഗത്വം നൽകും. ഇത് സജീവാംഗത്വമായി പരിഗണിക്കില്ല. എന്നാൽ, ഇവർക്ക് പരിഗണന കിട്ടും. കഴിഞ്ഞദിവസം ചേർന്ന സ്റ്റിയറിങ് കമ്മിറ്റിയോഗത്തിൽ പുനഃസംഘടനാ ചർച്ചകൾ നടന്നിരുന്നു. ചുമതലപ്പെടുത്തിയവർ നൽകുന്ന ശുപാർശകൾ അടുത്ത യോഗം പരിഗണിക്കും.
Content Highlight: Kerala Congress implement levy system