കമ്പനിയിൽ തൊഴിലാളികൾക്ക് വേണ്ടത്ര ശുചിമുറികൾ ഇല്ലെന്നും കുടിവെള്ളം ഉറപ്പുവരുത്താൻ കമ്പനിക്കായില്ലെന്നും തൊഴിൽ വകുപ്പ് റിപ്പോർട്ടിലുണ്ടെന്ന് മനോരമ ന്യൂസ് പറയുന്നു. അനധികൃതമായി തൊഴിലാളികളിൽനിന്നു പിഴ ഈടാക്കി. ഇവരുടെ വിവരങ്ങളടങ്ങിയ റജിസ്റ്റർ സൂക്ഷിക്കുന്നില്ല. ശമ്പളം കൃത്യസമയത്ത് നൽകാൻ കമ്പനി തയാറാകുന്നില്ല. വാർഷിക റിട്ടേൺ സമർപ്പിച്ചില്ല തുടങ്ങിയ പരാമർശങ്ങളും റിപ്പോർട്ടിലുണ്ട്.
കമ്പനിയിലെ കരാർ തൊഴിലാളികൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല, ഇവരുടെയും രജിസ്റ്റർ സൂക്ഷിച്ചില്ല. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആവശ്യമായ മെഡിക്കൽ സൗകര്യം ഉണ്ടായിരുന്നില്ല. ശമ്പളം നൽകുന്ന റജിസ്റ്റർ കമ്പനിയിൽ നിന്ന് കണ്ടെത്താനായില്ല എന്നും റിപ്പോർട്ടിലുണ്ടെന്നാണ് വാർത്ത.
കിഴക്കമ്പലം കേന്ദ്രീകരിച്ചുള്ള കിറ്റക്സ് കമ്പനിക്കെതിരെ ഉയർന്ന ആരോപണങ്ങളും തുടർന്നുണ്ടായ പരിശോധനകളും ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ തൊഴിൽ വകുപ്പ് പരിശോധന നടത്തിയെന്ന വാർത്തയ്ക്ക് പിന്നാലെയാണ് സർക്കാരിനെതിരെ കിറ്റക്സ് പരസ്യ നിലപാട് സ്വീകരിച്ചത്. ഇതിന് പിന്നാലെ തെലങ്കാനയിൽ നിക്ഷേപത്തിന് കമ്പനി തയ്യാറാവുകയും ചെയ്തിരുന്നു.
എന്നാൽ റിപ്പോർട്ട് കള്ളത്തരമാണെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ് പ്രതികരിച്ചതായി മനോരമ റിപ്പോർട്ട് ചെയ്തു. ആരോപണങ്ങളെ നേരിടാൻ തനിക്ക് കഴിയുമെന്ന് പറഞ്ഞ അദ്ദേഹം എഴുപത് മുതൽ 90 ശതമാനം വരെ അധിക വേതനം നൽകുന്നുണ്ടെന്നും എത്ര ശുചിമുറിയുണ്ടെന്ന് ഇവർ പറയട്ടേയെന്നും പറഞ്ഞു.