കൊച്ചി
മുസ്ലിം,- ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് സർക്കാർ ജോലിയിലും വിദ്യാഭ്യാസ മേഖലയിലും സംവരണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ചെലവുസഹിതം തള്ളി. മുസ്ലിങ്ങൾ, ലത്തീൻ കത്തോലിക്കർ, ക്രിസ്ത്യൻ നാടാർ, പരിവർത്തിത ക്രൈസ്തവർ തുടങ്ങിയ വിഭാഗങ്ങളെ പിന്നോക്ക വിഭാഗത്തിൽപ്പെടുത്തി സംവരണം അനുവദിച്ചതിനെതിരെയും ഈ വിഭാഗങ്ങളെ പിന്നോക്ക പട്ടികയിൽനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സേവാകേന്ദ്രം സമർപ്പിച്ച ഹർജിയാണ്ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് തള്ളിയത്.
ഭരണഘടനയുടെ 102–-ാം ഭേദഗതി അനുസരിച്ച് സംവരണാനുകൂല്യങ്ങളിൽനിന്ന് ഏതെങ്കിലും വിഭാഗത്തെ പുറത്താക്കാൻ നിയമ നിർമാണം വേണമെന്ന് സർക്കാർ വ്യക്തമാക്കി. നിയമം നർമിക്കാൻ കോടതിക്ക് നിർദേശിക്കാനാകില്ലെന്നും സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് ബോധിപ്പിച്ചു. സംവരണ വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കേണ്ടത് രാഷ്ട്രപതിയാണെന്നും അതുവരെ നിലവിലെ പട്ടിക തുടരുമെന്നും ഗൗരവ സ്വഭാവമുള്ള വിഷയത്തിൽ ലാഘവത്തോടെ തയ്യാറാക്കിയ ഹർജി തള്ളണമെന്നും എജി ആവശ്യപ്പെട്ടു. സർക്കാർ വാദം കണക്കിലെടുത്താണ് കോടതി ഹർജി തള്ളിയത്.