ഇടുക്കി
സംഘടനാ തെരഞ്ഞെടുപ്പിനെ ചൊല്ലി കേരള കോൺഗ്രസിൽ ചേരിതിരിവ് രൂക്ഷമായി. തിങ്കളാഴ്ച വൈകിട്ട് പി ജെ ജോസഫിന്റെ പുറപ്പുഴയിലെ വസതിയിൽ ചേർന്ന ഒമ്പതംഗ കോർകമ്മിറ്റി യോഗത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. പി സി തോമസ്, മോൻസ് ജോസഫ്, ജോയ് എബ്രഹാം, ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, ടി യു കുരുവിള, അറയ്ക്കൽ ബാലകൃഷ്ണപിള്ള എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ്, സെക്രട്ടറി ജനറൽ ജോയി എബ്രഹാം എന്നിവരുടെ മേധാവിത്വം ഇല്ലാതാക്കാനാണ് എതിർവിഭാഗം ശ്രമിച്ചത്.
നാല് മണിക്കൂറോളം നീണ്ട യോഗത്തിൽ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതിനെതിരെ നേതാക്കൾ രൂക്ഷമായി പ്രതികരിച്ചതായാണ് സൂചന. സംഘടനാ തെരഞ്ഞെടുപ്പ് വാർഡുതലം മുതൽ സംസ്ഥാന കമ്മിറ്റിവരെ നടത്തണമെന്ന് ഫ്രാൻസിസ് ജോർജ് വിഭാഗം പി ജെ ജോസഫിനെ നേരിൽകണ്ട് അറിയിച്ചിരുന്നു. പാർടി ചെയർമാൻ പി ജെ ജോസഫ് ഇത് ശരിവച്ചു. ഇതേത്തുടർന്നാണ് കോർ കമ്മിറ്റി യോഗം വിളിച്ചുചേർത്തത്.
ജോയി എബ്രഹാം ഒരു പഞ്ചായത്ത് വാർഡിൽ ജയിക്കാൻ പോലും ജനപിന്തുണയില്ലാത്തയാളാണെന്നും എതിർവിഭാഗം ഉന്നയിച്ചു. ഒടുവിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ സമവായമായതായി പാർടി ചെയർമാൻ പി ജെ ജോസഫ് അറിയിച്ചു. അർഹമായ സ്ഥാനങ്ങൾ ലഭിക്കാത്തതിലും യോഗം വിളിക്കാതെ പ്രധാന തീരുമാനങ്ങളെടുക്കുന്നതിലും ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ നേരത്തെ പി ജെ ജോസഫിനെ അതൃപ്തി അറിയിച്ചിരുന്നു.
അതിന് മുമ്പ് തനിക്ക് നൽകിയ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് ഫ്രാൻസിസ് ജോർജ് അറിയിച്ചതും വിവാദമായിരുന്നു. യോഗത്തിനൊടുവിൽ പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും പാർടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസഫ് പറഞ്ഞു. പാർടി നിർദേശിക്കുന്ന ഏത് സ്ഥാനവും ഏറ്റെടുക്കുമെന്ന് പറഞ്ഞ ഫ്രാൻസിസ് ജോർജ് നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി താൽകാലികമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.