കൊച്ചി > പാലാരിവട്ടം പാലം അഴിമതിയിൽമുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെതിരെ കേസെടുത്തത് സർക്കാരിന്റെ അനുമതിയോടെയാണെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൂരജ് സമർപ്പിച്ച ഹർജിയിലാണ് വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് വി ശ്യാംകുമാർ വിശദമായ സത്യവാങ്മൂലം സമർപ്പിച്ചത്.
അഴിമതി നിരോധന നിയമത്തിലെ പുതിയ ദേഗതിപ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് വിജിലൻസ് തനിക്കെതിരെ കേസടുത്തതെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സൂരജ് കോടതിയെ സമീപിച്ചത്. പാലം നിർമാണത്തിലെ ക്രമക്കേടിൽ കേരള റോഡ്ഫണ്ട് ബോർഡ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ, കിറ്റ്കോ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള പൊതുമരാമത്ത് മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് വിജിലൻസ് വ്യക്തമാക്കി. അഴിമതിയിൽ സൂരജിന്റെ പങ്ക് വ്യക്തമായതിനാലാണ് പ്രതിയാക്കിയത്.
കരാർ ഒപ്പിടുന്ന കാലയളവിൽ സൂരജിന്റെ ഇടപാടുകളിൽ ദുരൂഹതയുണ്ട്. ആരോപണങ്ങൾ പരിശോധിച്ച് ഉത്തമബോധ്യത്തോടെയാണ് അഡീഷണൽ ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടത്. പൊതുസേവകർ എന്ന നിലയിലാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്. കുറ്റകൃത്യം നടന്ന സമയത്ത് അഴിമതി നിരോധന നിയമത്തിലെ ഭേദഗതി നിലവിൽ വന്നിരുന്നില്ല. മുൻകാല പ്രാബല്യം ഹർജിക്കാരന് അവകാശപ്പെടാനാകില്ലെന്നും ഇക്കാര്യത്തിൽ ഹൈക്കോടതിയുടെതന്നെ വിധിയുണ്ടെന്നും വിജലൻസ് ചുണ്ടിക്കാട്ടി. നിർഭയമായി തീരുമാനം എടുക്കാനാണ് ഉദ്യോഗസ്ഥർക്ക് നിയമത്തിന്റെ സംരക്ഷണമുള്ളതെന്നും തെറ്റുകാരെ സംരക്ഷിക്കാനല്ല നിയമഭേദഗതിയെന്നും വിജിലൻസ് വ്യക്തമാക്കി.