കൊച്ചി > നാടിനെതിരായ പ്രചാര വേല ലോകമെങ്ങുമെത്തിക്കാനാണ് കിറ്റക്സ് എംഡിയുടെ ശ്രമമെന്ന് മന്ത്രി പി രാജീവ്. കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഏത് സർഗാത്മക വിമർശനങ്ങളെയും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യും. എന്നാൽ, നാടിനെ തകർക്കുന്ന വിമർശനങ്ങളെ തള്ളികളയുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോരുത്തർ അവരുടെ നിലവാരമനുസരിച്ചാണ് പ്രതികരിക്കുന്നത്. നാടിൻറെ പ്രതിനിധികളായ ഞങ്ങൾക്ക് ഇരിക്കുന്ന കസേരയ്ക്കും ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തിനും അനുസരിച്ചേ പ്രതികരിക്കാനാകൂ. ഇപ്പോൾ നടക്കുന്ന സംവാദം തുടരണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. അത് നാടിന് നല്ലതല്ല. വിഷയത്തിൽ സർക്കാരിൻറെ ഭാഗം വ്യക്തമാണ്. അത് സമൂഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.