കൊല്ലം> മരുത്തടിയിൽ ഭർതൃവീട്ടിൽ ആത്മഹത്യക്കു ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ ഭർതൃമാതാവ് സുനിജയ്ക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു. പടിഞ്ഞാറേ കൊല്ലം കന്നിമേൽചേരി പുളിഞ്ചിക്കൽ വീട്ടിൽ സതീഷിന്റെ ഭാര്യ അനുജ (22)യാണ് മരിച്ചത്.
ജൂൺ 30നു രാത്രിയിലാണ് അനുജയെ കിടപ്പുമുറിയിൽ തൂങ്ങിയനിലയിൽ കണ്ടത്. ഭർത്താവും ബന്ധുക്കളും ചേർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് സ്വകാര്യ മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ശനിയാഴ്ച പുലർച്ചയോടെ മരിച്ചു.
കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. കൊല്ലത്തെ സ്വകാര്യ കോളേജിൽ അവസാന വർഷ ബികോം വിദ്യാർഥിനിയായിരുന്നു അനുജ. വെൽഡറായ സതീഷ് രാവിലെ ജോലിക്കു പോയാൽ പിന്നെ അനുജയും ഭർതൃമാതാവ് സുനിജയുമാണ് വീട്ടിൽ ഉണ്ടാകുക. ഒറ്റപ്പെടുത്തിയും നിരന്തരം കുറ്റപ്പെടുത്തിയും സുനിജ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി അനുജയുടെ അച്ഛൻ ശക്തികുളങ്ങര പണ്ടാലതെക്കതിൽ അനിയും അമ്മ രാജേശ്വരിയും പറഞ്ഞു.
അച്ഛന്റെ പരാതിയിലാണ് ശക്തികുളങ്ങര പൊലീസ് കേസെടുത്തത്. എസിപി എ പ്രദീപ്കുമാറിനാണ് അന്വേഷണച്ചുമതല. സഹോദരി: അഖില.
ഭർത്താവിന് ജീവനായിരുന്നു; എന്നിട്ടും
കൊല്ലം> ‘വിവാഹം കഴിഞ്ഞ് ഏഴുമാസം പൂർത്തിയായ ദിവസം മകളെ ചുടുകാട്ടിലേക്കെടുത്തു’–- വാക്കുകൾ മുഴുമിപ്പിക്കാതെ പൊട്ടിക്കരയുന്ന അനുജയുടെ അച്ഛൻ അനിയെ ആശ്വസിപ്പിക്കാൻ കഴിയാതെ കുഴങ്ങുകയാണ് ബന്ധുക്കൾ. അനിയൊന്നു വിതുമ്പിയാൽ വീട്ടിൽ കൂട്ടക്കരച്ചിലായി.
ഭർത്താവ് സതീഷിന് അനുജയെ ജീവനായിരുന്നു. അവർ തമ്മിൽ പ്രണയത്തിലാണെന്ന് അറിഞ്ഞ് വീട്ടുകാർ വിവാഹം നടത്തി കൊടുക്കുകയായിരുന്നു. എന്നിട്ടും അവൾക്ക് ഭർതൃഗൃഹത്തിൽ ജീവനൊടുക്കേണ്ടി വന്നു. വീട്ടിൽ ചൂട് സഹിക്കാൻ കഴിയുന്നില്ലെന്ന് അനുജ ഒരിക്കൽ പറഞ്ഞപ്പോൾ ഡ്രൈവറായ അച്ഛൻ എസി വാങ്ങി വീട്ടിലെത്തിച്ചു. സാധാരണക്കാരാണെങ്കിലും മകൾക്ക് ഒരു കുറവും ഉണ്ടാകാതെ നോക്കിയിരുന്നു അനി.
ബികോം അവസാനവർഷ വിദ്യാർഥിയായ അനുജയ്ക്ക് ഒരു ജോലി നേടണമെന്നത് വലിയ സ്വപ്നമായിരുന്നു. അതുകൊണ്ട് പഠിക്കാനും എല്ലാ സൗകര്യങ്ങളും നൽകി.
ഞായറാഴ്ചകളിൽ ഭർത്താവുമൊത്ത് അനുജ പണ്ടാഴയിലെ സ്വന്തം വീട്ടിൽ എത്തുമായിരുന്നു. അമ്മ രാജേശ്വരിയും സഹോദരി അഖിലയുമൊത്ത് മണിക്കൂറുകളോളം സംസാരിച്ചിരിക്കും. ഇടയ്ക്ക് ഭർത്താവിന്റെ സഹോദരന് വീടുവാങ്ങാൻ സഹായം വേണമെന്നു പറഞ്ഞപ്പോൾ സ്ത്രീധനമായി നൽകിയ സ്വർണം വിറ്റ പണമടക്കം 10 ലക്ഷം നൽകി.
പകരമായി ഭർത്താവിന്റെ വീട് അനുജയുടെ പേരിൽ എഴുതി നൽകി. സുനിജയ്ക്ക് താമസാവകാശവും നൽകി. അനുജയ്ക്ക് കോവിഡ് വന്നപ്പോൾ നിരീക്ഷണത്തിലായിരുന്ന ഭർത്താവുമൊത്ത് രണ്ടാഴ്ച പുറത്തുനിന്ന് ആഹാരം വാങ്ങിക്കഴിച്ചത് സുനിജയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ആഹാരം സ്വയം പാചകംചെയ്തു കഴിച്ചിരുന്ന സുനിജ പലപ്പോഴും കുറ്റപ്പെടുത്തിയിരുന്നത് അനുജയെ വല്ലാതെ വേദനിപ്പിച്ചു. വീട്ടിലെ മാനസിക പീഡനത്തെക്കുറിച്ച് അനുജ സഹോദരി അഖിലയോട് പറയാറുണ്ടായിരുന്നു.