കോട്ടയം: കാലം ചെയ്ത ബസേലിയസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയെ അനുസ്മരിച്ച് രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ.ഇന്ന് പുലർച്ചെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പരിശുദ്ധ ബാവയുടെ മരണം സംഭവിച്ചത്.
ആരോഗ്യമന്ത്രി വീണാ ജോർജ്
ബാവ തിരുമേനിയുടെ വിയോഗം ഏവരെയും സംബന്ധിച്ചെടുത്തോളം വളരെ ദുഃഖകരമായ ഒന്നാണ്. ഒരു തവണ പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം അദ്ദേഹം ഒരു കുടുംബാംഗത്തെപ്പോലെയായിരുന്നു. ലളിതമായ ജീവിതമായിരുന്നു തിരുമേനിയുടേത്. ജീവിതത്തിലുടനീളം കൃത്യനിഷ്ഠപുലർത്തിയ ആളായിരുന്നു അദ്ദേഹം
മുഖ്യമന്ത്രി പിണറായി വിജയൻ
സാധാരണക്കാരനായി വളർന്ന് വന്ന് സാധാരണക്കാരുടെ വേദനകൾ മനസിലാക്കി അവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തി ആളായിരുന്നു ബാവ തിരുമേനിയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള
പരിശുദ്ധ കാതോലിക്ക ബാവയുമായി രണ്ടു പതിറ്റാണ്ടുകാലത്തെ ബന്ധമണ്ട്. കാതോലിക്ക ബാവയായി ചുമതലയേൽക്കുന്നതിന് മുമ്പുതന്നെ അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നു. നന്മയുടെ പ്രകാശ ഗോപുരമായാണ് അദ്ദേഹത്തെ കാണുന്നത്. നിത്യജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും അദ്ദേഹം എപ്പോഴും അന്വേഷിക്കുകയും എല്ലാ തരത്തിലുമുളള ഉപദേശം നൽകുകയും ചെയ്ത വ്യക്തിയാണ് ബാവ തിരുമേനി.
മന്ത്രി സജി ചെറിയാൻ
ബാവയുടെ വേർപാട് ആത്മീമ ലോകത്തിനും സംസ്ഥാനത്തിനും സാമൂഹ്യമേഖലയ്ക്കും കനത്ത നഷ്ടമാണ്. സഭയുടെ പ്രതിസന്ധിയുടെ ഘട്ടത്തിലെല്ലാം സഭാവിശ്വാസികളെ ചേർത്തുപിടിച്ച് അദ്ദേഹം ഉറച്ച നിലപാടുകളുമായി മുന്നോട്ടുപോയിട്ടുണ്ട്.
ഉമ്മൻ ചാണ്ടി
പരിശുദ്ധ ബാവ തിരുമേനി സമൂഹത്തിനും സഭയ്ക്കും വേണ്ടി ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ വളരെ വലുതാണ്. പാവപ്പെട്ടവരുടെ ജീവിത സാഹചര്യങ്ങൾ ഉയർത്തുന്നതിന് വേണ്ടി പരിശുദ്ധ പിതാവ് വളരെയേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
കെ.എസ് ചിത്ര
വളരെ ദുഃഖത്തോടെയും വേദനയോടെയുമാണ് ഞാൻ ഈ വാർത്ത ഉൾകൊള്ളുന്നത്. പരിശുദ്ധ ബാവ തിരുമേനിയുടെ വിയോഗം എനിക്കും കുടുംബത്തിനും തീരാ നഷ്ടമാണ്. ഇത്രയും നിഷ്ക്കളങ്കനും നിർമ്മലനുമായ ഒരു വ്യക്തിയുമായിട്ടുണ്ടായിരുന്ന ബന്ധം മഹാഭാഗ്യമായിത്തന്നെ കരുതുന്നു.
രമേശ് ചെന്നിത്തല
ഓർത്തഡോക്സ് സഭാവിശ്വാസികളെ മുന്നോട്ടു നയിക്കുന്നതിൽ പരമാദ്ധ്യക്ഷനെന്ന നിലയിൽ പ്രശംസാർഹമായ നേതൃത്വമാണ് തിരുമേനി നൽകിയിട്ടുള്ളത്. ആത്മീയജീവിതത്തിന്റെ മാതൃകയായി നിലകൊള്ളാൻ അദ്ദേഹത്തിനു സാധിച്ചു. പാവപ്പെട്ടവരുടെയും നിരാശ്രയരുടെയും അത്താണിയായിരുന്നു തിരുമേനി. ആത്മീയനേതാവായിരിക്കുമ്പോഴും മതേതരത്വത്തിനുവേണ്ടി അദ്ദേഹം നിലകൊണ്ടു. തിരുമേനിയുടെ വേർപാട് സഭയ്ക്കു മാത്രമല്ല, പൊതുസമൂഹത്തിനും വലിയ നഷ്ടമാണ്.
Content highlight: Remembering Baselios Marthoma Paulose II