കൊല്ലം> ബിഎഎംഎസ് വിദ്യാർഥി വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട കേസിൽ കുറ്റപത്രം തയ്യാറാക്കുന്നത് ഫോറൻസിക്, സൈബർ സെൽ റിപ്പോർട്ടുകൾ ലഭിച്ചശേഷമെന്ന് അന്വേഷകസംഘം. പഴുതടച്ച കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനാണിത്. ഇവ ഉടൻ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷയെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാർ പറഞ്ഞു. വിസ്മയയുടെ ഭർത്താവ് കിരൺകുമാറിന്റെ അച്ഛനമ്മമാരെ കേസിൽ പ്രതിയാക്കണമോ എന്ന് തീരുമാനിക്കുന്നത് വിവിധ പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും.
പോരുവഴി അമ്പലത്തുംഭാഗത്ത് ഭർതൃവീട്ടിൽ ജൂൺ 21ന് പുലർച്ചെയാണ് നിലമേൽ കൈതോട് സ്വദേശിനി വിസ്മയ വി നായരെ (24) തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സ്ത്രീധനത്തിന്റെ പേരിലുള്ള ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷകസംഘം. ആന്തരികാവയവ പരിശോധനാ റിപ്പോർട്ടും കിരണിന്റെയും വിസ്മയയുടെയും മൊബൈൽ ഫോണുകൾ പരിശോധിച്ചുള്ള റിപ്പോർട്ടും ലഭിച്ചാലേ ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിൽ അന്തിമതീരുമാനമാകൂ. വിസ്മയയെ ശുചിമുറിയിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടുവെന്ന് പറയുന്നത് കിരൺകുമാർ മാത്രമാണ്. ഇതിനാലാണ് കൂടുതൽ ശാസ്ത്രീയ തെളിവുകൾക്കായി അന്വേഷകസംഘം ശ്രമിക്കുന്നത്. ഗാർഹിക പീഡനം, സ്ത്രീധനപീഡന മരണം എന്നീ കുറ്റങ്ങളാണ് കിരൺകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റപത്രം ഒന്നായി മതിയോ രണ്ടായി വേണോ എന്നതിലും തീരുമാനമായിട്ടില്ല.
കുറ്റപത്രം തയ്യാറാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, മുതിർന്ന അഭിഭാഷകർ എന്നിവരുമായി അന്വേഷകസംഘം നിരന്തര ചർച്ചയിലാണ്. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടല്ലൂരിയും റൂറൽ ജില്ലാ പൊലീസ് മേധാവി കെ ബി രവിയും ദിവസവും അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്. ഒട്ടും വൈകാതെ കുറ്റപത്രം ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കഴിഞ്ഞ ദിവസം വിസ്മയയുടെ സഹപാഠികൾ, സുഹൃത്തുക്കൾ എന്നിവരിൽനിന്ന് അവസാനവട്ട മൊഴികൾ ശേഖരിച്ചു. കൂടാതെ കിരണിന്റെ ഏറ്റവുമടുത്ത സുഹൃത്തായ ശാസ്താംകോട്ട സ്വദേശിയെ ഡിവൈഎസ്പി ഓഫീസിൽ വിളിച്ചുവരുത്തിയും വിവരങ്ങൾ ശേഖരിച്ചു. ഫോൺ വിവരങ്ങളും പരിശോധിച്ചിരുന്നു. അതിനിടെ കിരൺകുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കൊല്ലം സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.