ചില മുറിവുകൾ ഉണങ്ങില്ല. മാരക്കാന മെസിക്ക് മുറിവായിരുന്നു. ഏഴ് വർഷംമുമ്പ് അർജന്റീന ടീമിന്റെ വിശ്രമ മുറിയിൽ ഒറ്റയ്ക്കിരുന്ന് കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞ മെസിയെ സഹതാരമായിരുന്ന പാബ്ലോ സബലേറ്റ ഓർത്തെടുക്കാറുണ്ട്. ലോകകപ്പിൽ ജർമനിയോട് തോറ്റ ദിനം. മികച്ച താരത്തിനുള്ള സുവർണ പന്ത് ആചാരംപോലെ ഏറ്റുവാങ്ങി, നിമിഷങ്ങൾക്കുള്ളിൽ അത് ടീം സ്റ്റാഫിലെ സ്നേഹിതൻ ആൽഫ്രെഡോ പെർനാസിന് കൈമാറി നടന്നകന്നു. കണ്ണിൽ ഇരുട്ടായിരുന്നു.
ആ മത്സരം ഇനിയൊരിക്കലും കൺമുന്നിൽ വരല്ലേയെന്ന് വിലപിച്ചു. ആ തോൽവിയുടെ ഭൂതം മെസിയെ പിന്തുടർന്നു.2015 കോപ ഫൈനലിൽ തോറ്റു, 2016 കോപയിലും തോറ്റു. ജേഴ്സി വലിച്ച് മുഖംപൊത്തിയും പൊട്ടിക്കരഞ്ഞും മുഖം താഴ്ത്തിനടന്നും മെസി ഓരോ കിരീടപ്പോരിലും അവസാനിച്ചു. 2016ൽ ചിലിയോട് തോറ്റപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചു. 2018 ലോകകപ്പ് പ്രീ ക്വാർട്ടർ തോൽവിക്കുശേഷം തിരിച്ചുവരവുണ്ടാകില്ലെന്ന് പറയാതെ പറഞ്ഞു. അപ്പോഴും മാരക്കാനയിലെ മുറിവ് നീറി. വേദന സംഹാരികളൊന്നുമുണ്ടായില്ല. ഇനിയൊരിക്കലും രണ്ടാമനാകാൻ കഴിയില്ലെന്ന് ഉള്ളുകൊണ്ട് തീർച്ചപ്പെടുത്തി. മെസി വീണ്ടുമെത്തി. വേദികൾ പലതുമാറിയെത്തിയ കോപ. ഒടുവിൽ മാരക്കാനയിൽ ഫൈനൽ.
ചിലിക്കെതിരെ വമ്പനൊരു ഫ്രീകിക്ക് തൊടുത്തായിരുന്നു ടൂർണമെന്റിന്റെ തുടക്കം. ബൊളീവിയക്കെതിരെ രണ്ട് ഗോൾ. ക്വാർട്ടറിൽ ഇക്വഡോറിനെതിരെ ഒന്ന്. സെമിയിൽ കൊളംബിയക്കെതിരെ ലൗതാരോ മാർട്ടിനെസിന് അവസരമൊരുക്കി. കോപയിൽ മെസിയുടെ മനോനിലയുടെ ചുരുക്കരൂപം ഇതായിരുന്നു. ഫൈനലിൽ പതിവുപോലെ സമ്മർദത്തിൽ ഉരുകി തീർന്നെങ്കിലും ഈ കോപ മെസിയുടെ പേരിൽത്തന്നെയാണ്.
ഒട്ടും പ്രകടനപരതയില്ലാത്ത, ഒതുങ്ങിക്കൂടുന്ന പ്രതിഭയാണ് മെസി. ആൾക്കൂട്ടത്തെ ഉണർത്തുന്ന, അവരുടെ ഞരമ്പുകളെ ഉത്തേജിപ്പിക്കാൻ കഴിയുന്ന നായകനല്ല. പക്ഷേ, കളികൊണ്ടും തന്റെ സാന്നിധ്യംകൊണ്ടും മാത്രം പ്രചോദിപ്പിക്കാൻ കഴിഞ്ഞു. കോപയിലെ ഫൈനൽ അതായിരുന്നു. പന്തിൻമേൽ പക്ഷിയുടെ കണ്ണുകളായിരുന്നു. മറ്റേത് കളിക്കാരനെക്കാളും കൃത്യമായി അയാൾ പന്തിന്റെ ഹൃദയം തൊടും. ആ നിമിഷം പന്ത് മെസിയെ തേടും. പിന്നെ ഒഴുകും.
രാജ്യാന്തര വേദികളിൽ മെസിയുടെ കാലുകളിൽ സമ്മർദം തൊട്ടു. പന്തകന്നു. ലോകകപ്പോ വൻകര ടൂർണമെന്റുകളിലെ കിരീടമില്ലാത്ത 15 വർഷങ്ങൾ. കിരീടങ്ങളുമായി ബാഴ്സലോണയിൽ അമരത്വം നേടിയപ്പോഴും ദേശീയ കുപ്പായം കനിഞ്ഞില്ല. അർജന്റീനയിൽ ദ്യേഗോ മാറഡോണ നിറച്ച ആവേശത്തിന്റെ ചെറുതരികൾപോലും മെസി നൽകിയില്ല. മാറഡോണയ്ക്കുശേഷം അവർ മെസിയിൽ പ്രതീക്ഷിച്ചു. ഭാരം കൂടിയതല്ല, ഹൃദയം ദുർബലമായതുകൊണ്ടായിരുന്നു മെസി തളർന്നുപോയത്.
കോപയിൽ മാറാൻ ശ്രമിച്ചു. കൂടുതൽ ആക്രമണോത്സുകത, ഏറ്റുമുട്ടാനൊരുങ്ങുന്ന നീക്കങ്ങൾ, വാദങ്ങൾ, രോഷപ്രകടനങ്ങൾ എല്ലാം കണ്ടു. സെമിയിൽ കൊളംബിയൻ താരം യെറി മിന ഷൂട്ടൗട്ടിൽ കിക്ക് പാഴാക്കിയപ്പോൾ ‘നൃത്തം ചെയ്യൂ, നൃത്തം ചെയ്യൂ’ എന്ന് പരിഹസിച്ച് ആർത്തുവിളിച്ചു. എല്ലാത്തിനുമൊടുവിൽ ഫൈനൽ വേദിയിലെത്തിയപ്പോൾ മെസി വീണ്ടും പഴയ മെസിയായി. പക്ഷേ, കൂട്ടുകാർ അയാളെ തോളേറ്റി. അയാൾക്കുവേണ്ടിയാണ് കണങ്കാൽ പൊട്ടി ചോരയൊലിച്ചിട്ടും ഗൊൺസാലോ മോണ്ടിയെൽ വിസിലൂതുംവരെയും പന്ത് തട്ടിയത്. ഡി മരിയ മാന്ത്രിക കാലുകളിൽ കാറ്റുപിടിപ്പിച്ചത്. മാർട്ടിനെസ് വൻമതിലായി ഉയർന്നത്. ഡി പോൾ സൈന്യാധിപനായി കളം പിടിച്ചത്.
2004ലും 2007ലും ഇതേ ബ്രസീലിനോടായിരുന്നു ഫൈനലിലെ തോൽവി. പരാജയങ്ങളുടെ തുടർച്ചയിൽ ചിരിക്കാൻ മറന്നുപോയ ഒരു മനുഷ്യൻ മാരക്കാനയിൽ ഉയർത്തെഴുന്നേറ്റിരിക്കുന്നു. മുപ്പത്തിനാലാം വയസ്സിൽ ആദ്യ കിരീടത്തിൽതൊട്ടപ്പോൾ സൂര്യനെപ്പോലെ അയാൾ തെളിഞ്ഞു. റഫറി എസ്തബാൻ ഒസ്തോയിച്ച് അവസാന വിസിൽ മുഴക്കിയപ്പോൾ കളത്തിൽ മുട്ടുകുത്തി, കണ്ണിൽ കൈപൊത്തി മെസി വിതുമ്പി. മാരക്കാനയിൽ അയാൾ കിരീടംകൊണ്ട് കളിജീവിതത്തിന് മുദ്ര ചാർത്തി.