തിരുവനന്തപുരം
സിക വൈറസ് തുടക്കത്തിൽത്തന്നെ കണ്ടെത്തിയ കേരളത്തിന് കേന്ദ്ര സംഘത്തിന്റെ അഭിനന്ദനം. ആരോഗ്യമന്ത്രാലയത്തിനു കീഴിൽ കേരളത്തിന്റെ ചുമതലയുള്ള പബ്ലിക് ഹെൽത്ത് റീജ്യണൽ ഡയറക്ടർ രുചി ജെയ്നാണ് കേരളത്തെ പ്രകീർത്തിച്ചത്.രോഗം കണ്ടെത്തി അതിവേഗം പ്രതിരോധ പ്രവർത്തനം നടത്താൻ സംസ്ഥാന പൊതുജനാരോഗ്യ സംവിധാനത്തിനായെന്ന് അദ്ദേഹം പറഞ്ഞു.
സിക സ്ഥിരീകരിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് പരിശോധനയ്ക്ക് എത്തിയ കേന്ദ്ര സംഘം ഞായറാഴ്ച ഡിഎംഒമാർ ഉൾപ്പെടെയുള്ളവരുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച പ്രദേശവും ആശുപത്രിയും സംഘം സന്ദർശിച്ചു. ആറംഗസംഘമാണ് പരിശോധനയ്ക്ക് എത്തിയത്. ആദ്യ രോഗം കണ്ടെത്തിയ പാറശാലയിലും വൈറസ് ബാധിച്ച യുവതി താമസിച്ചിരുന്ന നന്ദൻകോട്ടും തിങ്കളാഴ്ച സംഘം എത്തും. തുടർന്ന് കേന്ദ്ര സംഘം ആരോഗ്യവകുപ്പിന് മാർഗനിർദേശം കൈമാറും.
2100 പിസിആർ
കിറ്റ് എത്തിച്ചു
പരിശോധനയ്ക്ക് തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, ആലപ്പുഴ എൻഐവി യൂണിറ്റ് എന്നിവ സജ്ജമാക്കി. ആദ്യഘട്ടമായി ഇവിടേക്ക് പുണെ എൻഐവിയിൽനിന്ന് 2100 പിസിആർ കിറ്റ് എത്തിച്ചു.
3 പേർക്കുകൂടി സിക
സംസ്ഥാനത്ത് മൂന്ന് പേർക്കുകൂടി സിക വൈറസ് സ്ഥിരീകരിച്ചു. നേരത്തേ വൈറസ് സ്ഥിരീകരിച്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് കോയമ്പത്തൂർ ലാബിൽ അയച്ച സാമ്പിളിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടുപേർ ആശുപത്രിയിൽ ചികിത്സ തേടിയവരും ഒരാൾ ജീവനക്കാരിയുമാണ്.