തിരുവനന്തപുരം
വ്യവസായങ്ങൾ അതിവേഗത്തിൽ തുടങ്ങാൻ സംരംഭകരെ സഹായിക്കുന്നതിന് സംസ്ഥാനത്ത് പുതിയ നിയമം വരുന്നു. ‘നിയമാനുസൃത തർക്കപരിഹാര സംവിധാനം’ ബിൽ ഈ മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
വ്യവസായനടത്തിപ്പുമായി ബന്ധപ്പെട്ട തർക്കവും പരാതിയും ഏകീകൃത സംവിധാനംവഴി പരിഹരിക്കലാണ് നിയമത്തിന്റെ ലക്ഷ്യം. വ്യവസായ അനുമതിക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്ക് ബില്ലിൽ ശിക്ഷയും ഉറപ്പാക്കും. ഇപ്പോൾ വ്യത്യസ്ത വകുപ്പുകൾ വഴി അതത് നിയമപ്രകാരം അനുമതിയും മറ്റും വേണ്ടിവരുന്നത് കാലതാമസമുണ്ടാക്കുന്നുണ്ട്. ഏത് വകുപ്പിൽനിന്നുള്ള പരാതിയും ഒരു സംവിധാനത്തിലൂടെ പരിഹരിക്കാനാകണം. ഇതിന് നിയമത്തിന്റെ പിൻബലംകൂടിയാകുന്നതോടെ നടപടി വേഗത്തിലാകും. വ്യവസായരംഗത്ത് വലിയ മാറ്റമുണ്ടാക്കാൻ അതിന് കഴിയും. കരട് തയ്യാറാക്കാനുള്ള നടപടി വ്യവസായ, നിയമ വകുപ്പുകൾ ആരംഭിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗമാണ് പുതിയ ബിൽ കൊണ്ടുവരാൻ തീരുമാനിച്ചത്. അത് എത്രയുംവേഗം പ്രാവർത്തികമാക്കാനാണ് ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുന്നത്.
നിലവിലുള്ള വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ മികവുറ്റതാക്കുകയാണ് ലക്ഷ്യം. പുതിയ നിയമപ്രകാരം രൂപീകരിക്കുന്ന സമിതിയായിരിക്കും സംരംഭകരുടെയും പൊതുജനങ്ങളുടെയും പരാതി പരിഗണിക്കുക. സംസ്ഥാന, ജില്ലാ തലങ്ങളിൽ സംവിധാനമുണ്ടാകും. സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. അത് നടപ്പാക്കിയില്ലെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കാനും നിയമത്തിൽ വകുപ്പുണ്ടാകും. ഉദ്യോഗസ്ഥർക്ക് വഴിവിട്ട് പ്രവർത്തിക്കാനാകില്ല.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഉൾപ്പെടെ വിവിധ നിയമങ്ങളിലെ കാലഹരണപ്പെട്ട വ്യവസ്ഥകൾ നീക്കും. വ്യവസായ സൗഹൃദാന്തരീക്ഷമൊരുക്കാൻ എൽഡിഎഫ് സർക്കാർ നടത്തിയ ശക്തമായ ചുവടുവയ്പായിരുന്നു 2018ലെ ‘കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും നിയമം.’ സംരംഭകർക്ക് കൂടുതൽ പരിരക്ഷ നൽകലാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കിറ്റെക്സിന്റേത് സെല്ഫ് ഗോൾ ; നാടിനെ
അപമാനിക്കരുതായിരുന്നു
കിറ്റെക്സിന്റേത് സെൽഫ് ഗോളാണെന്ന് മന്ത്രി പി രാജീവ്. നാടിന്റെ പോസ്റ്റിലേക്കാണ് ഗോളടിച്ചത്. മറ്റ് വ്യവസായികൾ ആ നിലപാടിനൊപ്പമല്ല. വ്യവസായം എവിടെ തുടങ്ങിയാലും കുഴപ്പമില്ല. പക്ഷേ, നാടിനെ അപമാനിക്കരുതായിരുന്നു–- പി രാജീവ് വാർത്താചാനലിലെ അഭിമുഖത്തിൽ പറഞ്ഞു. കിറ്റെക്സിൽ നടത്തിയ പരിശോധനകളുടെ ഫലം പുറത്തുവിടും. നിയമപരമായ പരിശോധനയിൽനിന്ന് സർക്കാരിന് പിന്നോട്ടുപോകാനാകില്ല. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന അംബാസഡർമാരാകരുത് കേന്ദ്രമന്ത്രിമാരെന്നും പി രാജീവ് പറഞ്ഞു.