മലപ്പുറം
കോട്ടക്കൽ ആര്യവൈദ്യശാലയുടെ മികവാർന്ന പ്രവർത്തനത്തിന് പിന്നിലെ ഏറ്റവും ചൈതന്യമുള്ള കരുത്തായിരുന്നു ഡോ. പി കെ വാരിയരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. കോട്ടക്കലിൽ ശനിയാഴ്ച അന്തരിച്ച പി കെ വാരിയരുടെ വസതി സന്ദർശിച്ചശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യവൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഏറ്റവും വലിയ മാതൃകയാണ് വാരിയർ. ആതുരസേവനം ധനസമ്പാദനത്തിനുള്ള മാർഗമായി കണ്ടില്ല. ആയുർവേദത്തിന്റെ വികാസത്തിന് ശാസ്ത്രത്തെ ഉപയോഗപ്പെടുത്തി. മികവാർന്ന ആ രീതി കോട്ടക്കൽ ആര്യവൈദ്യശാലയുടെ വളർച്ചയ്ക്ക് അടിത്തറപാകി.
പുരോഗമന മൂല്യങ്ങളിൽ ഉറച്ചുനിന്ന അദ്ദേഹം ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അഭ്യുദയകാംക്ഷിയായിരുന്നു. കമ്യൂണിസ്റ്റ് പാർടിക്കൊപ്പം ചേർന്ന് വലിയ മാതൃകകൾ അദ്ദേഹം സൃഷ്ടിച്ചു. ഇ എം എസ് ചാരിറ്റി ട്രസ്റ്റിന്റെ ഭാഗമായി പ്രവർത്തിച്ചു. ട്രസ്റ്റ് നടത്തുന്ന സൗജന്യ ഡയാലിസിസ്, കുട്ടികൾക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ തുടങ്ങിയവക്ക് പിന്തുണയേകി. യൗവനത്തിൽ തീഷ്ണ സമരമുന്നേറ്റങ്ങളിൽ പങ്കെടുത്ത വാരിയർ ആ കാലത്തിന്റെ ചൈതന്യം ഉൾക്കൊണ്ടു. ദേശീയ സ്വാതന്ത്ര്യസമരം, ജന്മിത്വത്തിനെതിരായ സമരം തുടങ്ങി നവോത്ഥാനത്തിന്റെ തുടർച്ചകളിൽ അദ്ദേഹം അണിചേർന്നു. അതോടൊപ്പം തന്നിലർപ്പിതമായ ദൗത്യമെന്ന നിലയിൽ ആര്യവൈദ്യശാലയുടെ വളർച്ചയ്ക്കും അതുവഴി ആയുർവേദത്തിന്റെ പ്രശസ്തിക്കും നടത്തിയ മഹാപ്രവർത്തനങ്ങൾ പി കെ വാരിയരെ ചരിത്രത്തിൽ അടയാളപ്പെടുത്തി. വരും തലമുറ അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും–- വിജയരാഘവൻ പറഞ്ഞു.