ഇടുക്കി
കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയവർധന. ഞായറാഴ്ച രാവിലെവരെ ഒന്നേകാൽ അടി ഉയർന്ന് ജലനിരപ്പ് 49.93 ശതമാനമായി. അണക്കെട്ടിൽ 2354.84 അടി ജലമാണുള്ളത്. കഴിഞ്ഞ വർഷത്തെക്കാൾ 23.76 അടിയുടെ വർധന ഇത്തവണയുണ്ട്. 2403 അടിയാണ് പരമാവധി സംഭരണശേഷി. പദ്ധതി മേഖലയിൽ 43.4 മി.മീറ്റർ മഴ പെയ്തു. മൂലമറ്റം പവർ ഹൗസിൽ വൈദ്യുതോൽപ്പാദനം 5.086 ദശലക്ഷം യൂണിറ്റാണ്. മഴയ്ക്ക് ഇടുക്കിയിൽ കുറവുണ്ട്. മൂന്നാറിൽ 75.9 മില്ലിമീറ്ററും പീരുമേട്ടിൽ 34 മില്ലി മീറ്ററും മഴ പെയ്തു.
മുല്ലപ്പെരിയാറിൽ 126.55
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഞായറാഴ്ച രാവിലെ ആറിന് 126.55 അടിയിൽ എത്തി. രണ്ടാഴ്ച മുമ്പ് 132 അടി വരെയെത്തിയ ജലനിരപ്പ് മഴ മാറിയതോടെ കുറയുകയായിരുന്നു.
അണക്കെട്ടിൽനിന്ന് തമിഴ്നാട് ഓരോ സെക്കൻഡിലും 1203 ഘനഅടി വീതം വെള്ളം കൊണ്ടുപോയി. ഞായറാഴ്ച രാവിലെ ആറുവരെയുള്ള 24 മണിക്കൂറിനുള്ളിൽ ഓരോ സെക്കൻഡിലും അണക്കെട്ടിലേക്ക് 2203 ഘനഅടിവീതം വെള്ളം ഒഴുകിയെത്തി. ഞായറാഴ്ച രാവിലെ ആറുവരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 17.2 മില്ലിമീറ്ററും തേക്കടിയിൽ 9.4 മില്ലിമീറ്ററും മഴ പെയ്തു. മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന തേനിജില്ലയിലെ വൈഗ അണക്കെട്ടിൽ 66.80 അടിവെള്ളം ഉണ്ട്. ഇവിടുത്തെ പരാമാവധി സംഭരണശേഷി 71 അടിയാണ്.