പോത്തൻകോട് (തിരുവനന്തപുരം): കോവിഡ്മരണങ്ങളുമായി ബന്ധപ്പെട്ടതർക്കം നിലനിൽക്കുന്നതിനിടെ കോവിഡ് രോഗി മരിച്ചതറിയാതെ ആരോഗ്യസ്ഥിതി അറിയാനായി ഉദ്യോഗസ്ഥർ വിളിച്ചത് മൂന്ന് തവണ. കോവിഡ് ചികിത്സയിലിരിക്കെ മരിച്ച പോത്തൻകോട് പണിമൂല അയനത്തിൽ അനിൽ കുമാറിന്റെ ആരോഗ്യ വിവരങ്ങളാണ് മൂന്ന് തവണ ആരോഗ്യവകുപ്പ് അധികൃതർ വിളിച്ചന്വേഷിച്ചത്.
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചതെങ്കിലും ആരോഗ്യ വകുപ്പിന്റെ കോവിഡ് മരണ പട്ടികയിൽ അനിലിന്റെ പേരില്ല. അനിൽകുമാർ കോവിഡ് മൂലമാണ് മരിച്ചതെന്ന് സ്ഥിരീകരിക്കുന്ന ഒരു രേഖയും ബന്ധക്കളുടെ കൈവശവുമില്ല. എന്നാൽ മരണ സമയത്ത് അനിൽകുമാർ കോവിഡ് പോസിറ്റീവായിരുന്നു.
അനിൽകുമാറിന് കോവിഡ് വന്നത് ഏപ്രിൽ 28നാണ്.കടുത്ത ചുമയെ തുടർന്ന് ആശുപത്രിയിലെത്തിയ അനിലിന്റെ രക്തത്തിൽ ഓക്സിജൻ അളവ് കുറവാണെന്ന് കണ്ട് അഡ്മിറ്റ് ചെയ്തു. എന്നാൽ പിന്നീട് ആരോഗ്യസ്ഥിതി മോശമാവുകയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തെങ്കിലും മെയ് ആറിന് ചികിത്സയിലിരിക്കെ മരണപ്പെട്ടു.
മരണം കോവിഡ് മൂലമാണെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ സർക്കാർ കണക്കിൽ ഈ മരണം ഉൾപ്പെട്ടിട്ടില്ല എന്നാണ് കുടുംബം പറയുന്നത്. മരിച്ചതിന് ശേഷവും അനിൽകുമാറിന്റെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് ആരോഗ്യ വകുപ്പിൽ നിന്നും മൂന്ന് തവണ ഫോൺ വന്നതായി അനിൽകുമാറിന്റെ ഭാര്യ മായപറയുന്നു. അതുകൊണ്ടുതന്നെമരണപ്പെട്ടയാളുടെ വിവരം ആരോഗ്യ വകുപ്പിന്റെ കൈവശമില്ല എന്ന് വ്യക്തമാണ്.
അനിൽകുമാറിന്റെ മരണത്തോടെ ആശ്രയം നഷ്ടമായ ഭാര്യയും ഏഴാം ക്ലാസിൽ പഠിക്കുന്ന ഏകമകൾ അനാമികയുടെയും ജീവിതം ദുരിതത്തിലായി. കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ധനസഹായത്തിന് തീരുമാനിച്ചാലും അത് കിട്ടുമോയെന്ന ആശങ്കയിലാണ് അനിൽകുമാറിന്റെ ഭാര്യ മായ.