കോഴിക്കോട് > ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാപ്രസിഡന്റും ചേർന്ന് ഗ്രൂപ്പ് കളിക്കുന്നതായി ആക്ഷേപം. പ്രസിഡന്റിനെതിരെ മാധ്യമങ്ങൾക്ക് വാർത്ത ചോർത്തിനൽകി അപമാനിക്കാനും ശ്രമിക്കുന്നതായാണ് പരാതി. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാകമ്മിറ്റി യോഗത്തിലാണ് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്, ജില്ലാ പ്രസിഡന്റ് വി കെ സജീവൻ എന്നിവർക്കെതിരായ ആരോപണങ്ങൾ.
സംസ്ഥാന പ്രസിഡന്റിനെതിരെ സ്വന്തം ജില്ലയിൽ വിമതപ്രവർത്തനമെന്നായിരുന്നു സുരേന്ദ്രൻ പക്ഷം ചർച്ചയിൽ ഉന്നയിച്ചത്. എം ടി രമേശ് കോഴിക്കോട് കേന്ദ്രീകരിച്ച് സുരേന്ദ്രനെതിരെ കളിക്കുകയാണെന്ന് വിമർശനമുണ്ടായി. മധ്യകേരളത്തിന്റെ ചുമതലയാണ് രമേശിന്. എന്നാൽ കോഴിക്കോട് ക്യാമ്പ്ചെയ്ത് വാർത്തകൾ സൃഷ്ടിക്കുന്നു. ജില്ലാപ്രസിഡന്റ് വി കെ സജീവൻ സുരേന്ദ്രനെ പരിപാടികൾ അറിയിക്കുന്നില്ല.
സുരേന്ദ്രനെതിരായ കൊടകര കുഴൽപ്പണക്കേസിൽ പ്രതിഷേധസമരം കോഴിക്കോട്ട് ദുർബലമാക്കി. ഇക്കാര്യത്തിൽ നേതൃത്വം അലസതകാട്ടിയെന്നും സുരേന്ദ്രൻ പക്ഷക്കാർ കുറ്റപ്പെടുത്തി. പി കെ കൃഷ്ണദാസും രമേശുമാണ് കോഴിക്കോട്ടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ഇവർ വിഭാഗീയ പ്രവർത്തനങ്ങൾക്ക് ഇവിടം താവളമാക്കുകയാണെന്നും അഭിപ്രായം ഉയർന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനങ്ങൾ.