തിരുവനന്തപുരം > കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണത്തെ വിജ്ഞാനസമ്പദ്ഘടനയുമായി ബന്ധപ്പെടുത്തി ശക്തിപ്പെടുത്തണമെന്ന് ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 58-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പി ടി ഭാസ്കരപ്പണിക്കര് അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
25 വര്ഷമായി കേരളത്തില് നടക്കുന്ന വികേന്ദ്രീകൃതാസൂത്രണ വികസനം നമ്മുടെ സമൂഹത്തിലെ ജനാധിപത്യ പ്രക്രിയയെ സര്ഗാത്മകമായി സ്വാധീനിച്ചിട്ടുണ്ടെന്നും വെള്ളപ്പൊക്കത്തിന്റെ കാലത്തും കോവിഡ് മഹാമാരിയുടെ കാലത്തും ഈ ശാക്തീകരണ പ്രക്രിയയുടെ ഗുണഫലം നാം കണ്ടെന്നും അദ്ദേഹം പറഞ്ഞു.
25 വര്ഷത്തിനുള്ളില് നിര്മിക്കപ്പെട്ട 20 ലക്ഷം വീടുകളും ആയിരക്കണക്കിന് കിലോമീറ്റര് ദൈര്ഘ്യത്തിലുള്ള ഗ്രാമീണ റോഡുകളും അടക്കമുള്ള പശ്ചാത്തല വികസനവും കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ, കാര്ഷികരംഗത്തെ ഏറെ ഗുണപരമായി സ്വാധീനിക്കാന് ജനകീയാസൂത്രണത്തിനു കഴിഞ്ഞു. ഈ മാറ്റത്തെ നാം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.
അവിടെയാണ് കേരളം ഒരു ജ്ഞാനസമ്പദ്ഘടനയായി മാറുന്നതിന്റെ പ്രസക്തി.
നമ്മുടെ പരമ്പരാഗത ഉത്പാദനമേഖലയിലേക്ക് ലോകമെമ്പാടുമുള്ള പുതിയ അറിവുകള് സന്നിവേശിപ്പിക്കപ്പെടുകയും നമ്മുടെ നാട്ടിലെ സര്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും ഈ പ്രക്രിയയില് സജീവമായി പങ്കാളികളാവുകയും വേണം. അതോടൊപ്പം തന്നെ സ്ത്രീനീതി, പരിസ്ഥിതി സംരക്ഷണം എന്നിവയും ഉറപ്പുവരുത്തണം. ചക്ക, ചകിരി തുടങ്ങിയ വിവിധ മേഖലകളില് പുതിയ അറിവുകള് സന്നിവേശിപ്പിക്കാനും കഴിയണം. ഡോ ഐസക്ക് ചൂണ്ടിക്കാട്ടി.
നീര്ത്തടാധിഷ്ഠിത ആസൂത്രണത്തില് പുതിയ ധാരാളം സാങ്കേതിക അറിവുകള് ആവശ്യമായി വരും. കാട്ടാക്കടയില് തുടങ്ങി വച്ച പൈലറ്റ് പ്രോജക്ടിന് ഈ രംഗത്തു ഏറെ പ്രാധാന്യമുണ്ട്. ജനകീയാസൂത്രണത്തില് ധാരാളം ഗ്രാമതല പരീക്ഷണങ്ങളിലൂടെ നിര്ണായകമായ സംഭാവന നല്കിയ പരിഷത്തിന് പുതിയ വിജ്ഞാന സമൂഹ സൃഷ്ടിയിലും ഉയര്ന്ന സംഭാവനകള് നല്കാന് കഴിയുമെന്ന് ഡോ ഐസക്ക് അഭിപ്രായപ്പെട്ടു.
പരിഷത്ത് മുന് പ്രസിഡന്റ് ടി ഗംഗാധരന് പി ടി ഭാസ്കരപ്പണിക്കരെ അനുസ്മരിച്ചു. സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരന് അധ്യക്ഷതയും ഷിബു അരുവിപ്പുറം നന്ദിയും പറഞ്ഞു.